മഹാദേവ് ബെറ്റിങ് ആപ് പ്രമോട്ടർമാർ ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി നൽകിയെന്ന് ഇ.ഡി

ന്യൂഡൽഹി: ഛത്തിസ്​ഗഡ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേൽ വാതുവെപ്പുകാരിൽ നിന്ന്​ 508 കോടി രൂപ വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​.

മഹാദേവ്​ ഓൺലൈൻ ബെറ്റിങ്​ ആപ്ലിക്കേഷന്‍റെ നടത്തിപ്പുകാർക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്​. അവരുടെ പണം കൈകാര്യം ചെയ്യുന്ന അസിംദാസ്​ എന്നയാളാണ്​ ബാഘേലിനെതിരെ മൊഴി നൽകിയത്​. മൊഴി രേഖപ്പെടുത്തിയെന്നും, അന്വേഷിക്കേണ്ട വിഷയമാണിതെന്നും ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന ഛത്തിസ്​ഗഡിൽ നിന്ന്​ 5.39 കോടി രൂപയുമായി അസിംദാസിനെ ഇ.ഡി അറസ്റ്റ്​ ചെയ്തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ മഹാദേവ്​ ഓൺലൈൻ ബെറ്റിങ്ങിനെതിരെ ഇ.ഡി അന്വേഷണം നടത്തിവരുന്നത്​. അസിംദാസിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന്​ പിടിച്ച മൊബൈൽ ഫോൺ ഫോറൻസിക്​ പരിശോധന നടത്തി. മഹാദേവ്​ ശൃംഖലയിലെ കുറ്റാരോപിതനായ ശുഭം സോണി അയച്ച ഇമെയിൽ പരിശോധിച്ചു. ഇതിനിടയിൽ നിരവധി ആരോപണങ്ങളാണ്​ ഉയർന്നു വന്നിരിക്കുന്നത്​. ബാഘേലിന്​ മഹാദേവ്​ ആപ്​ പതിവായി പണം നൽകാറുണ്ടെന്നും, ഇതുവരെ നൽകിയത്​ 508 കോടിയാണെന്നുമാണ്​ മൊഴി. ഇത്​ അന്വേഷണ വിഷയമാണ്​ -ഇ.ഡി വിശദീകരിച്ചു.  

തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയിതര പാർട്ടികളുടെ നേതാക്കൾക്കെതിരെ ഇ.ഡി പരിശോധനകൾ ശക്തമാക്കുകയാണ്. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇ.ഡി പരിശോധനകൾ തുടരുന്നുണ്ട്.

നേരത്തെ ഛത്തീസ്ഗഢ് പൊലീസും ആന്ധ്ര പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റും നടത്തിയ അറസ്റ്റുകളോടെയാണ് അനധികൃത ബെറ്റിങ് ആപായ മഹാദേവിനെ സംബന്ധിക്കുന്ന വിവങ്ങൾ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് 70ഓളം എഫ്.ഐ.ആറുകളാണ് ഛത്തീസ്ഗഢ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം അറസ്റ്റുകൾ നടത്തുകയും ചെയ്തു.

ഹവാല പണം വൻതോതിൽ ആപുകളിലേക്ക് ഒഴുകിയെന്നാണ് പൊലീസിന്റെ നിഗമനം. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നിവരാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നും ദുബൈ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തട്ടിപ്പിൽ ആദ്യ ചാർജ്ഷീറ്റ് സമർപ്പിച്ചത് ഛത്തീസഗഢ് പൊലീസാണ്. ​അലോക് സിങ് രാജ്പുത്ത്, റാംപ്രവേഷ് സാഹു, രാജ സിങ് എന്നിവരെ പ്രതിയാക്കിയായിരുന്നു കേസ്.

മഹാദേവ് ബുക്ക് വഴി സ്വരൂപീക്കുന്ന പണം ലൈവ് ലുഡോ, ഫുട്ബാൾ, കസിനോ ഗെയിംസ് എന്നിവയിൽ വാതുവെക്കാൻ ഉപയോഗിച്ചുവെന്നാണ് ഛത്തീസ്ഗഢ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ പണം സ്വീകരിച്ച് ആളുകൾക്ക് ഓൺലൈൻ ഐ.ഡി ഉണ്ടാക്കി നൽകി മഹാദേവ് ബുക്ക് വഴി വാതുവെക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാരിൽ നിന്നും പണം സ്വീകരിച്ച ഇവർ വാട്സാപ്പ് വഴി ഇത് വ്യാജ ബാങ്ക് അക്കൗണ്ടുകളിലിട്ടു. പിന്നീട് ടൈഗർ എക്സ്ചേഞ്ച്, ഗോൾ365, ലേസർ247, ക്രിക്കറ്റ്ബസ്.കോം, പ്ലേ247.വിൻ, സ്കൈലേക്സ്ചേഞ്ച്.കോം, ക്രിക്കറ്റ്ബെറ്റ്.കോം എന്നിവയിൽ വാതുവെപ്പുകാരുടെ താൽപര്യത്തിനനുസരിച്ച് ബെറ്റ് വെക്കുകയായിരുന്നു. ആപിലൂടെയുണ്ടാക്കുന്ന പണം വിവിധ ബിനാമി അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ചന്ദ്രശേഖറും കൂട്ടാളികളായ രവി ഉത്പൽ, കപിൽ ചെല്ലാനി, സതീഷ് കുമാർ എന്നിവരും ചേർന്ന് 60ഓളം അനധികൃത വാതുവെപ്പ് വെബ്സൈറ്റുകൾ നടത്തുന്നുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ലോട്ടസ്365, ഫെയർപ്ലേ, റെഡ്ഡി അന്ന, ലേസർ ബുക്ക് തുടങ്ങിയ നിരവധി വെബ്സൈറ്റുകൾ ഇതിൽ ഉ​ൾപ്പെടുന്നുണ്ടെന്ന് ഇ.ഡി അറിയിച്ചു.രാജ്യത്തുടനീളം മഹാദേവ് ആപ് ഉ​പയോഗിച്ച് ബെറ്റിങ് നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കോടിയുടെ ഇടപാടാണ് ആപ് വഴി നടന്നതെന്നും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - ED claims Mahadev betting app promoters gave ₹508 cr to Chhattisgarh CM Baghel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.