ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് മണിപ്പൂരിലെ പ്രാദേശിക പത്രത്തിന്റെ എഡിറ്ററെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഹുയെൻ ലാൻപാവോ പത്രത്തിന്റെ എഡിറ്റർ ധനബീർ മൈബാം ആണ് വെള്ളിയാഴ്ച അറസ്റ്റിലായി ഞായറാഴ്ച ജാമ്യത്തിലിറങ്ങിയത്.
വിദ്വേഷം വളർത്തി, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. മോറെ നഗരത്തിലെ സംഭവവികാസങ്ങൾ പത്രം റിപ്പോർട്ട് ചെയ്തത് കുക്കി വിഭാഗവും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ വർധിക്കാൻ കാരണമായെന്നാണ് ആരോപണം.
അതിർത്തി നഗരമായ മോറെക്ക് സമീപം രണ്ടാം ദിവസവും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമകാരികളും തമ്മിലെ വെടിവെപ്പ് ഇന്നും തുടരുന്നു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നഗരമായ മോറെയിൽ കമാൻഡോകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് പ്രദേശം അതീവ ജാഗ്രതയിലാണ്. ബോംബാക്രമണവും നടന്നതായാണ് റിപ്പോർട്ട്. ഇരുഭാഗത്തും പരിക്കേറ്റതായുളള വിവരങ്ങളും ലഭ്യമല്ല.
ഇന്നലെ വെടിവെപ്പ് നടന്നത് ന്യൂ മോറെ, ലങ്കിച്ചോയ്, സിയോൺ വെങ് എന്നിവിടങ്ങളിലാണ്. സുരക്ഷാ സേനയെന്ന വ്യാജേന അക്രമകാരികൾ എത്തി കുകി ഗ്രാമങ്ങൾ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.