ന്യൂഡൽഹി: ചില പ്രമുഖ മാധ്യമങ്ങൾ പെയിഡ് ന്യൂസിന് വിധേയരാകുന്നുവെന്ന ‘കോബ്ര പോസ്റ്റ്’ വെളിപ്പെടുത്തലിൽ എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ മാധ്യമ സ്ഥാപനങ്ങൾ അവരുടെ നിലപാട് ജനങ്ങളോട് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. വിവിധ കോണുകളിൽനിന്ന് മാധ്യമങ്ങൾ ആക്രമണങ്ങൾക്ക് വിധേയമാകുേമ്പാൾ സ്വതന്ത്ര പത്രപ്രവർത്തനത്തിെൻറ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും ഉന്നതനിലവാരം പുലർത്താനും പത്രപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാധ്യമ ഉടമകളും മാനേജ്മെൻറുകളും പത്രപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും അവർക്ക് നേരെയുള്ള അപവാദ പ്രചാരണങ്ങൾ തടയാനും വിശ്വാസ്യത നിലനിർത്താനും നടപടി സ്വീകരിക്കേണ്ടതുമുണ്ട്. മാധ്യമ സ്വാതന്ത്ര്യം ആദരിക്കപ്പെടേണ്ടതാണ്. പെയിഡ് ന്യൂസ് മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് കളങ്കമാകും -ഗിൽഡ് ചൂണ്ടിക്കാട്ടി.
ചില മാധ്യമങ്ങൾ പണം വാങ്ങി വാർത്തയുടെ അജണ്ട നിശ്ചയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിെൻറ തെളിവുകളാണ് വെബ് പോർട്ടലായ കോബ്ര പോസ്റ്റ് കഴിഞ്ഞദിവസം പുറത്തുകൊണ്ടുവന്നത്. വാർത്തയുടെ ഉള്ളടക്കം പണം വാങ്ങി വിൽപന നടത്തുന്ന സംഭവം ഗൗരവതരമാണ്. എഡിറ്റോറിയലിെൻറയും പരസ്യത്തിെൻറയും ഇടങ്ങൾക്കിടയിൽ അനുരഞ്ജനം പാടില്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.
പത്രപ്രവർത്തകർക്കെതിരായി അടുത്ത കാലത്തുണ്ടായ ഭീഷണികളെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അവരെ അപകീർത്തിപ്പെടുത്തുന്നതിനെയും ഗിൽഡ് ശക്തമായി അപലപിച്ചു. ജനാധിപത്യത്തിെൻറ നിലനിൽപിന് സ്വതന്ത്ര പത്രപ്രവർത്തനം അനിവാര്യമാണെന്ന കാര്യം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മനസ്സിലാക്കണം. ഭീഷണി നേരിടുന്ന പത്രപ്രവർത്തകർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണം. ഇതുസംബന്ധിച്ച പരാതികളിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.