നോട്ട് നിരോധനത്തി​ന്‍റെ എട്ടാം വാർഷികത്തിൽ മോദിയുടെ എട്ട് ‘വിഖ്യാത’ പ്രസ്താവനകൾ

ർഷം 2016. തീയതി നവംബർ 8. ഹിലരി ക്ലിന്‍റനെ തോൽപ്പിച്ച് ഡൊണാൾഡ് ട്രംപ് ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പ്രസിഡന്‍റായി. എന്നാൽ ഇന്ത്യൻ തലക്കെട്ടുകളിൽ ഇടിമിന്നലുണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 500, 1000 രൂപ നോട്ടുകൾ ഒറ്റരാത്രികൊണ്ട് നിരോധിക്കുന്നതായി മോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു.

സാധാരണക്കാർ സ്വന്തം പണം കണ്ടെത്താൻ പാടുപെടുമ്പോൾ രാജ്യത്ത് പിന്നീടുണ്ടായത് അരാജകത്വമായിരുന്നു. കള്ളപ്പണം തടയാനുള്ള നോട്ട് അസാധുവാക്കലി​ന്‍റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തി പണം ഉടനടി ബാങ്കുകളിൽ തിരിച്ചെത്തി. എന്നാലിത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് കനത്ത തിരിച്ചടി നൽകി. രാജ്യം അതി​ന്‍റെ ആഘാതത്തിൽനിന്ന്  ഇപ്പോഴും പൂർണമായി കരകയറിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധരടക്കം വാദിക്കുന്നു. കുറഞ്ഞത് 1.5 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി സി.എം.ഐ.ഇയുടെ റിപ്പോർട്ട് പറയുന്നു. അനൗപചാരിക മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നോട്ട് അസാധുവാക്കലിനെ ‘കെടുകാര്യസ്ഥയുടെ പരാജയ സ്മാരകം’ എന്നും ‘സംഘടിത കൊള്ളയും നിയമവിധേയ കൊള്ളയും’ എന്നും വിശേഷിപ്പിച്ചു. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയിൽ നടപ്പാക്കിയ നോട്ട് നിരോധനം ‘റേസിംഗ് കാറി​’ന്‍റെ ടയറുകളിൽ വെടിവെക്കുന്നതിന് തുല്യമെന്ന് ജീൻ ഡ്രെസിനെപ്പോലുള്ള മറ്റ് സാമ്പത്തിക വിദഗ്ധരും വിശേഷിപ്പിച്ചു.

ചിത്രങ്ങൾ: പി.ടി.ഐ

 നോട്ട് അസാധുവാക്കലി​ന്‍റെ എട്ടാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ ചില ഉദ്ധരണികൾ ‘ദ ടെലഗ്രാഫ്’ വെബ്സൈറ്റ് സമാഹരിച്ചപ്പോൾ:

‘പ്രചാരത്തിലുള്ള പണത്തി​ന്‍റെ അളവ് അഴിമതിയുടെ തലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അഴിമതി നിറഞ്ഞ വഴികളിലൂടെ സമ്പാദിക്കുന്ന പണം വിനിയോഗിക്കുന്നതിലൂടെ പണപ്പെരുപ്പം കൂടുതൽ വഷളാകുന്നു. പാവപ്പെട്ടവരാണ് ഇതി​ന്‍റെ ദുരിതം പേറേണ്ടി വരുന്നത്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വാങ്ങൽ ശേഷിയെ ഇത് നേരിട്ട് ബാധിക്കുന്നു. ഭൂമിയോ വീടോ വാങ്ങുമ്പോൾ ചെക്കായി നൽകുന്ന തുക കൂടാതെ, വലിയൊരു തുക പണമായി ആവശ്യപ്പെടുന്നത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. ഇത് വസ്തു വാങ്ങുന്നതിൽ സത്യസന്ധനായ വ്യക്തിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പണം ദുരുപയോഗം ചെയ്യുന്നത് വീട്, ഭൂമി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൃത്രിമമായി വർധിപ്പിക്കുന്നതിന് കാരണമായി. കള്ളപ്പണവുമായും അനധികൃത ആയുധ വ്യാപാരവുമായും നേരിട്ട് ബന്ധമുള്ള ഹവാല വ്യാപാരത്തെയും പണത്തി​ന്‍റെ ഉയർന്ന വിനിമയം ശക്തിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തി​ന്‍റെ പങ്കിനെക്കുറിച്ചുള്ള ചർച്ച വർഷങ്ങളായി നടക്കുന്നു’.
(2016 നവംബർ 8, നരേന്ദ്ര മോദി ടെലിവിഷനിൽ)

‘ദേശവിരുദ്ധരും സാമൂഹിക വിരുദ്ധരും പൂഴ്ത്തിവച്ചിരിക്കുന്ന 500, 1000 രൂപാ നോട്ടുകൾ വിലയില്ലാത്ത കടലാസ് കഷ്ണങ്ങളായി മാറും. സത്യസന്ധരും കഠിനാധ്വാനികളുമായ ആളുകളുടെ അവകാശങ്ങളും താൽപര്യങ്ങളും പൂർണമായും സംരക്ഷിക്കപ്പെടും.’
(2016 നവംബർ 8, ടെലിവിഷനിൽ)

‘ഞാൻ രാജ്യത്തോട് ആവശ്യപ്പെട്ടത് വെറും 50 ദിവസമാണ്. ഡിസംബർ 30നുശേഷം എ​ന്‍റെ പ്രവൃത്തിയിൽ പോരായ്മകളോ തെറ്റുകളോ ദുരുദ്ദേശ്യമോ കണ്ടാൽ രാജ്യം എനിക്കായി വിധിക്കുന്ന ശിക്ഷക്ക് ഞാൻ തയ്യാറാണ്’
(2016 നവംബർ 13, ഗോവയിൽ)

‘ഘർ മേ ഷാദി ഹേ! പൈസ നഹിൻ /കുടുംബത്തിൽ കല്യാണമുണ്ട്, പക്ഷേ പണമില്ല’
(2016 നവംബർ 12, ജപ്പാനിലെ  ഇന്ത്യൻ ഡയസ്‌പോറ പരിപാടിയിൽ)

‘എപ്പോൾ നിങ്ങൾക്ക് ഒരു ഓപറേഷൻ നടത്താം? ശരീരം ആരോഗ്യമുള്ളപ്പോൾ. സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നതിനാൽ ഞങ്ങളുടെ തീരുമാനം ശരിയായ സമയത്താണ് എടുത്തത്’
(2017 ഫെബ്രുവരി 7, ലോക്സഭയിൽ)

‘പ്രക്രിയക്ക് ഒരു വർഷമെടുത്തു. രാജ്യത്തി​ന്‍റെ സാമ്പത്തിക ആരോഗ്യത്തിന് അത് ആവശ്യമായിരുന്നു. ഒരു ട്രെയിൻ ട്രാക്ക് മാറുമ്പോൾ അത് അൽപം വേഗത കുറക്കും.’
(2018 ഡിസംബർ 31, വാർത്താ ഏജൻസിയായ എ.എൻ.ഐയോട്)

‘നോട്ട് നിരോധന തീരുമാനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് എന്നോട് ചോദിച്ചു. തീരുമാനത്തിനുശേഷം മിതമായ നിരക്കിൽ പാർപ്പിടങ്ങൾ വാങ്ങാൻ കഴിയുന്ന യുവാക്കളോട് നിങ്ങളത് ചോദിക്കണം. കള്ളപ്പണം റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പാർക്ക് ചെയ്തിരുന്നത്. നോട്ട് നിരോധനം പോലുള്ള തീരുമാനങ്ങളിലൂടെ ഞങ്ങളത് പരിശോധിച്ചു’.
(2018 ഡിസംബർ 31, സൂറത്തിൽ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്)

‘കള്ളപ്പണം കുറക്കാനും നികുതിപാലനം വർധിപ്പിക്കാനും ഔപചാരികമാക്കാനും നോട്ട് നിരോധനം സഹായിച്ചു. ഈ ഫലങ്ങൾ രാജ്യപുരോഗതിക്ക് ഏറെ ഗുണം ചെയ്തു’
(2020 നവംബർ 8, ‘എക്സി’ൽ)

Tags:    
News Summary - On eighth anniversary of demonetisation, eight quotes from PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.