ലഖ്നോ: ഡി.എന്‍.എയില്‍ സേവന മൂല്യങ്ങളുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കണമെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യു.പിയിൽ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാൽ സംസ്ഥാനത്തുള്ള ഗുണ്ടാസംഘങ്ങളെ ജയിലിലടക്കുമെന്നും അമിത് ഷാ പറഞ്ഞു. മല്‍ഹാനി നിയോജക മണ്ഡലത്തിലെ തെരഞ്ഞടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തവണ മസില്‍മാന്‍മാരെ വിജയിപ്പിക്കരുത്, സേവനത്തിന്റെ മൂല്യങ്ങള്‍ ഡി.എന്‍.എയിലുള്ള സ്ഥാനാർഥികളെ വിജയിപ്പിക്കുക. ഒന്നും തട്ടിയെടുക്കാന്‍ ആഗ്രഹിക്കാത്ത, കൊടുക്കാന്‍ ആഗ്രഹിക്കുന്ന, ആർക്കും ഉപദ്രവം ചെയ്യാത്ത, ഉപദ്രവകാരികളെ ജയിലിലടക്കാൻ ആഗ്രഹിക്കുന്ന ഒരാളെ തെരഞ്ഞെടുക്കൂ. ഇന്ന് ജയിലിന് പുറത്ത് കഴിയുന്ന അതിഖ് അഹമ്മദ്, അഅ്സം ഖാൻ, മുഖ്താര്‍ അന്‍സാരി എന്നിവരെ മാര്‍ച്ച് 10ന് താമര വിരിഞ്ഞാൽ ജയിലിലാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാഫിയയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി ബി.ജെ.പി പ്രവര്‍ത്തിച്ചുവെന്നും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിച്ചെന്നും ഷാ അവകാശപ്പെട്ടു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ ഭൂമാഫിയയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതായും അമിത് ഷാ അവകാശപ്പെട്ടു.
മാര്‍ച്ച് ഏഴിനാണ് ജൗന്‍പൂരില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.