കോൺഗ്രസിനെതിരായ പരാമർശം: കെ.സി.ആറിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്

ന്യൂഡൽഹി: ബി.ആർ.എസ് പ്രസിഡന്റും മുൻ തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. ബുധനാഴ്ചയാണ് കെ.സി.ആറിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയത്. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് നടപടി.

കോൺഗ്രസ് നേതാവ് ജി.നിരഞ്ജനാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. സിർസിലയിൽ ഏപ്രിൽ അഞ്ചിന് നടത്തിയ വാർത്താസമ്മേളനത്തിൽ ചന്ദ്രശേഖർ റാവു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കോൺഗ്രസിനെതിരായ പരാമർശങ്ങളാണ് പരാതിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രസംഗം സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകൾ തെരഞ്ഞെടുപ്പ് കമീഷൻ ചന്ദ്രശേഖർ റാവുവിന് നൽകിയിരുന്നു.

ഏപ്രിൽ ആറിനാണ് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഇതുസംബന്ധിച്ച് പരാതി നൽകിയത്. സിർസിലയി​ലെ വാർത്തസമ്മേളനത്തിൽ ചന്ദ്രശേഖർ റാവു നടത്തിയ പരാമർശം കോൺഗ്രസ് പാർട്ടിയെ ആക്ഷേപിക്കുന്നതും അ​വഹേളിക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഏപ്രിൽ 18ന് 11 മണിക്കകം മറുപടി നൽകാൻ കമീഷൻ നിർദേശിച്ചു. കൃത്യമായ നടപടി ചന്ദ്രശേഖർ റാവുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ കർശന നടപടിയുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം നിരവധി പരാതികൾ രാഷ്ട്രീയപാർട്ടികളിൽ നിന്നും ലഭിക്കുന്നുണ്ടെന്നും കമീഷൻ അറിയിച്ചു. ബി.ജെ.പി നൽകിയ 51 പരാതികളിൽ 38 എണ്ണത്തിൽ തീർപ്പുണ്ടാക്കി. കോൺഗ്രസിന്റെ 59 പരാതികളിൽ 51 എണ്ണത്തിൽ തീർപ്പുണ്ടാക്കിയതായും കമീഷൻ അറിയിച്ചു. മറ്റ് രാഷ്ട്രീയപാർട്ടികൾ ചേർന്ന് 90 പരാതികൾ നൽകി അതിൽ 81 എണ്ണത്തിലും തെരഞ്ഞെടുപ്പ് കമീഷൻ തീർപ്പുണ്ടാക്കി.

Tags:    
News Summary - Election Commission issues notice to BRS chief KCR over his remarks on Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.