ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: 24 സീറ്റിലേക്കുള്ള ഒന്നാംഘട്ട വിജ്ഞാപനമായി; സെപ്റ്റംബർ 18ന് വോട്ടെടുപ്പ്

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനമാണ് കമീഷൻ പുറപ്പെടുവിച്ചത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 27നും സൂക്ഷ്മപരിശോധന ആഗസ്റ്റ് 28ഉം നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതി ആഗസ്റ്റ് 30ഉം ആണ്.

പാംപോർ, ത്രാൽ, പുൽവാമ, രാജ്പോറ, സൈനപോറ, ഷോപ്പിയാൻ, ഡി.എച്ച് പോറ, കുൽഗാം, ദേവ്സർ, ദൂരു, കൊകർനാഗ് (എസ്.ടി), അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ് വാര-ബിജ്ബെഹറ, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ്, പഹൽഗാം, ഇന്ദർവാൾ, കിഷ്ത്വാർ, പാദർ-നാഗ്‌സേനി, ഭദർവാഹ്, ദോഡ, ദോഡ വെസ്റ്റ്, റംബാൻ, ബനിഹാൽ എന്നിവയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

ആഗസ്റ്റ് 16നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകി ഈ വർഷം സെപ്റ്റംബർ 30നകം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം കൂടിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.

Tags:    
News Summary - Election Commission issues notification for first phase of J-K polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.