ന്യൂഡൽഹി: മുസാഫർ നഗർ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായ ബി.ജെ.പി എം.എൽ.എ വിക്രം സിങ് സയ്നിയുടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യപനം. നവംബർ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനം തീയതി ഈ മാസം 17. സൂക്ഷപരിശോധന 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള തീയതി നവംബർ 21 ആണ്.
2013ലെ മുസാഫർ നഗർ കലാപക്കേസിൽ 2022 ഒക്ടോബർ 11നാണ് ബി.ജെ.പി എം.എൽ.എ വിക്രം സയ്നി അടക്കം 12 പേർക്ക് രണ്ടു വർഷം തടവും 10,000 രൂപ വീതം പിഴയും പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഇതേതുടർന്നാണ് ബി.ജെ.പി സിറ്റിങ് എം.എൽ.എയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയത്. 2017 നിയമസഭ തെരഞ്ഞെടുപ്പിൽ വിക്രം സിങ് ഖതുവാലി മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.
2013ലായിരുന്നു കേസിനാസ്പദമായ കലാപം നടന്നത്. കവാൽ ഗ്രാമത്തിൽ ജാട്ട് വിഭാഗക്കാരായ രണ്ടു യുവാക്കളുടെ സംസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം എം.എല്‍.എയുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ട കേസിലാണ് സയ്നി അടക്കം 27 പേരാണ് വിചാരണ നേരിട്ടത്.
ഗൗരവ്, സച്ചിൻ എന്നീ രണ്ടു യുവാക്കളായിരുന്നു കൊല്ലപ്പെട്ടത്. തുടർന്ന് 2013 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി മുസാഫർ നഗറിലും പരിസര പ്രദേശങ്ങളിലും നടന്ന കലാപത്തിൽ 60 പേർ മരിക്കുകയും 40,000 പേര്‍ പ്രദേശം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
നിരവധി വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് സെയ്നി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ, കശ്മീരിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കുമെന്നതിൽ ബി.ജെ.പി പ്രവർത്തകൾ വലിയ ആവേശത്തിലാണ് എന്നായിരുന്നു സെയ്നിയുടെ പ്രതികരണം.
ഇന്ത്യ സുരക്ഷിതമല്ല എന്നു തോന്നുന്നവരെ ബോംബിടണമെന്നും 2019ൽ സെയ്നി ആക്രോശിച്ചിരുന്നു. ഹിന്ദുക്കൾ ഉള്ളതിനാലാണ് ഇന്ത്യ ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നതെന്ന് 2018ൽ സെയ്നി അവകാശപ്പെടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.