തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം; ആദ്യ വാതിൽ തുറന്നുവെന്ന് നടൻ വിജയ്

ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം. വിജയ് എക്സിലൂടെയാണ് കമീഷന്‍റെ അംഗീകാരം ലഭിച്ച വിവരം അണികളെ അറിയിച്ചത്. ആദ്യ വാതിൽ തുറന്നുവെന്നും തമിഴ്നാടിനെ നയിക്കുന്ന പാർട്ടിയായി ഉയരുമെന്നും നടൻ വിജയ് പ്രതികരിച്ചു.

തമിഴക വെട്രി കഴകത്തെ തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചെന്നും രജിസ്റ്റർ ചെയ്ത പാർട്ടി എന്ന നിലയിൽ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൽസരിക്കാമെന്നും വിജയ് വ്യക്തമാക്കി.

ആഗസ്റ്റ് 22നാണ് തമിഴക വെട്രി കഴകത്തിന്‍റെ പതാക വിജയ് അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ വാകപ്പൂവും രണ്ട് ആനയുമുണ്ട്. ആദ്യ സംസ്ഥാന സമ്മേളനത്തിന്‍റെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിജയ് അന്ന് പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാടിന്‍റെ വികസനത്തിനായി നാം ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇനി മുതൽ തമിഴ്‌നാട് മികച്ചതായിരിക്കുമെന്നും വിജയം സുനിശ്ചിതമാണെന്നും വിജയ് വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത പ്രതിനിധികൾ പാർട്ടി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

‘‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്മാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ – ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.

Tags:    
News Summary - Election Commission of India approves Vijay's Tamil Vetri Kazhakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.