ബംഗളൂരു: കര്‍ണാടകയില്‍ ഏപ്രിലിലോ മേയിലോ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രമുഖ ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ. ചിക്കമഗളൂരു ബി.ജെ.പി ജില്ല കൺവീനറും മുനിസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റുമായ എച്ച്.ഡി. തിമ്മയ്യ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അനുയായി കെ.എസ്. കിരൺകുമാർ എന്നിവരാണ് മറുകണ്ടം ചാടിയത്.
ഇവരോടൊപ്പം നൂറിലധികം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ അടുത്ത അനുയായിയും സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തിന്റെ പ്രധാന നേതാവുമാണ് തിമ്മയ്യ. നിയമസഭ സ്ഥാനാർഥിത്വ തർക്കത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ടത്.
ഇത് ബി.ജെ.പിക്കും സി.ടി. രവിക്കും കനത്ത തിരിച്ചടിയാണ്. കോൺഗ്രസ് ടിക്കറ്റിൽ ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം തുറന്നുപറഞ്ഞു. 18 വർഷമായി പ്രവർത്തിച്ച തന്നെ ബി.ജെ.പി അവഗണിച്ചുവെന്നും മത്സരിക്കാൻ അവസരം നൽകിയില്ലെന്നും തിമ്മയ്യ ആരോപിച്ചു.
കഴിഞ്ഞ ദിവസം തിമ്മയ്യ ചിക്കമഗളൂരുവിലെ ഹോട്ടലിൽ അനുയായികൾക്കൊപ്പം യോഗം ചേർന്നിരുന്നു. ഇതിൽ ലിംഗായത്ത് പ്രാദേശിക നേതാക്കളും ബി.ജെ.പി പ്രവർത്തകരുമായ 500ലേറെ പേർ പങ്കെടുത്തു. മുഖ്യമന്ത്രി ബൊമ്മൈയുടെ സദർ ലിംഗായത്ത് സമുദായത്തിലെ പ്രമുഖനാണ് കിരൺകുമാർ. ചിക്കനയകനഹള്ളി മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള മോഹം പൊലിഞ്ഞതോടെയാണ് ബി.ജെ.പി വിട്ടത്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി ബി.ജെ.പി നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചിക്കമഗളൂരുവിൽനിന്നു മാത്രം 13 ബി.ജെ.പി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ട്.
കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുൻമന്ത്രിയുമായ ജി. ജനാർദനൻ റെഡ്ഡി ഈയടുത്ത് പാർട്ടി വിട്ടിരുന്നു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി)’ എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ച റെഡ്ഡി കൊപ്പാൽ ജില്ലയിലെ ഗംഗാവതി മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.