കൊൽക്കത്ത: റമദാനിൽ പൊതുതെരഞ്ഞെടുപ്പ് വന്നതിൽ ബംഗാളിൽ സമ്മിശ്ര പ്രതികരണം. തൃണ മൂൽ കോൺഗ്രസും ലോക്താന്ത്രിക് ജനതാദളും തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ച് രംഗ ത്തുവന്നു. ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താനാണ് റമദാനിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രി ഫർഹദ് ഹക്കീം പറഞ്ഞു. ബി.ജെ.പി ബോധപൂർവം നടപ്പാക്കിയ അജണ്ടയാണ് ഇതിനുപിന്നിലെന്ന് ലോക്താന്ത്രിക് ജനതാദൾ കൺവീനർ റഫായ് എം. സിദ്ദീഖ് ആരോപിച്ചു. തെരഞ്ഞെടുപ്പ് തീയതി മുസ്ലിം വോട്ട് കുറയാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി തൃണമൂൽ മന്ത്രിയെ വിമർശിച്ച് പ്രസ്താവനയിറക്കി.
അനാവശ്യ വിവാദമാണിതെന്ന് പറഞ്ഞ അദ്ദേഹം നേതാക്കൾ റമദാനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതിയും റമദാനും കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് ആലിയ സർവകലാശാല മാധ്യമ വിഭാഗം അസി. പ്രഫസർ ഗസാല യാസ്മിൻ പറഞ്ഞു. വിശ്വാസിക്ക് ലോകത്തോടുള്ള കടമകൾ നിർവഹിക്കാൻ ഇതൊന്നും തടസ്സമല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ചൂടുകൂടിയ കാലമായതിനാൽ വോെട്ടടുപ്പ് എളുപ്പം നിർവഹിക്കാൻ അവസരമുണ്ടാക്കിയാൽ മാത്രം മതിയെന്ന് കിദർപ്പൂരിലെ മൗലാന അശ്റഫ് ഖാസിമി പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിൽ പൊതുതെരഞ്ഞെടുപ്പ്. വോട്ടർമാരിൽ 31 ശതമാനം മുസ്ലിംകളാണ്. 50 ശതമാനത്തോളം മുസ്ലിംകൾ താമസിക്കുന്ന മാൾഡ, മുർശിദാബാദ് ജില്ലകളിലും റമദാനിലെ തെരെഞ്ഞടുപ്പ് തീയതി ചൂടേറിയ ചർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.