യു.പി: ബി.ജെ.പിക്കോ ബി.എസ്.പിക്കോ മുന്‍തൂക്കമുള്ള തൂക്കുസഭക്ക് സാധ്യത

ന്യൂഡല്‍ഹി: യു.പി അടക്കം അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രവണതകളുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് പുറത്തിറങ്ങും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറക്കുറെ ശരിയായ ചരിത്രമുണ്ടെങ്കിലും യു.പിയുടെ കാര്യത്തില്‍ പ്രവചനങ്ങള്‍ മിക്കവാറും പാളി. സംസ്ഥാനത്തെ ജാതി സമവാക്യങ്ങള്‍ ഉരുക്കഴിച്ചെടുക്കുന്നതില്‍ എക്സിറ്റ് പോള്‍ പണ്ഡിതന്മാര്‍ പരാജയപ്പെട്ടതായാണ് അനുഭവം. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിശങ്കു നിയമസഭ വരുമെന്നായിരുന്നു പ്രവചനം. എന്നാല്‍, മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു.

രണ്ടു കൊല്ലം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍, സംസ്ഥാനത്തു ദുര്‍ബലമായ കോണ്‍ഗ്രസിന് പത്തു സീറ്റു തികച്ചു കിട്ടില്ളെന്നായിരുന്നു കണ്ടത്തെല്‍.  എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ച് കോണ്‍ഗ്രസ് രണ്ടു ഡസനിലേറെ സീറ്റില്‍ വിജയിച്ചു. 2012ല്‍ സമാജ്വാദി പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടു. എന്നാല്‍, എസ്.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. 2014ല്‍ വീണ്ടും പ്രവചനക്കാര്‍ക്ക് തെറ്റി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80ല്‍ 73 സീറ്റും ബി.ജെ.പി സഖ്യം പിടിക്കുമെന്നോ മായാവതി ‘സംപൂജ്യ’യാകുമെന്നോ സമാജ്വാദിപാര്‍ട്ടി മുലായം കുടുംബക്കാരുടേതു മാത്രമായി ചുരുങ്ങുമെന്നോ ആര്‍ക്കും കണക്കു കൂട്ടാന്‍ കഴിഞ്ഞില്ല. 

403 നിയമസഭാ സീറ്റുള്ള യു.പിയിലെ തെരഞ്ഞെടുപ്പ്, ജാതിസമവാക്യങ്ങളുടെ ആകത്തെുകയായതുതന്നെയാണ് തെരഞ്ഞെടുപ്പു ഫലത്തെ പ്രവചനാതീതമാക്കുന്നത്. ഇപ്പോള്‍ പൊതുവെ പ്രവചിക്കപ്പെടുന്നത് ബി.ജെ.പിക്കോ ബി.എസ്.പിക്കോ മുന്‍തൂക്കമുള്ള തൂക്കു നിയമസഭയാണ്. തൂക്കുസഭ പ്രവചിച്ച 2007ല്‍ ഭരണത്തില്‍ വന്നത് മായാവതിയാണ്.  ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന സര്‍വേ ബി.ജെ.പി മുന്നിലത്തെുമെന്നാണ് പ്രവചിച്ചത്. സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് രണ്ടാം സ്ഥാനമാണ് പൊതുവെ പറഞ്ഞത്.  എന്നാല്‍, തെരഞ്ഞെടുപ്പ് അവസാനിച്ച ഘട്ടത്തില്‍ മായാവതിയോ മോദിയോ ജയിക്കുകയെന്ന ചോദ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്.

യു.പിയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ആകെ മാറിമറിഞ്ഞ ചുറ്റുപാടിലാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ മണ്ഡലങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. ശക്തമായ ത്രികോണ മത്സരമാണ് പലേടത്തും. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയ ചരിത്രമില്ല. മാധ്യമങ്ങളുടെ പ്രവചന സാധ്യതകളില്‍ പെടാത്തപ്പോഴും മായാവതിയുടെ സ്വാധീനം ഗ്രാമങ്ങളിലെ വലിയ ആള്‍ക്കൂട്ടങ്ങളില്‍ ദൃശ്യം. ഇതിനെല്ലാമിടയില്‍ എത്ര ശാസ്ത്രീയമായ പ്രവചനവും പാളാവുന്ന സ്ഥിതി.

സ്ഥാനാര്‍ഥി മരിച്ചതിനാല്‍ യു.പിയില്‍ രണ്ടു മണ്ഡലങ്ങളില്‍ മാറ്റിവെച്ച വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കുന്നതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളായ മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലേതടക്കം എക്സിറ്റ് പോള്‍ വൈകീട്ട് 5.30നു ശേഷം പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശിച്ചത്.

Tags:    
News Summary - up election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.