സുപ്രീംകോടതി

ഇലക്ടറൽ ബോണ്ടിൽ എസ്.ബി.ഐക്കും കേന്ദ്രത്തിനും തിരിച്ചടി; ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണം

ന്യൂഡൽഹി: ബി.ജെ.പി സംഭാവനയായി കോടികൾ സമാഹരിച്ച ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന എസ്.ബി.ഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മാർച്ച് 12നകം ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ട വിവരങ്ങൾ എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നും കമീഷൻ ആ വിവരങ്ങൾ മാർച്ച് 15ന് വൈകീട്ട് അഞ്ച് മണിക്കകം സ്വന്തം വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. എസ്.ബി.ഐയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി വന്ന ശേഷമുള്ള 26 ദിവസം ബാങ്ക് എന്തെടുക്കുകയായിരുന്നുവെന്ന് ചോദിച്ചു.

വിവരങ്ങൾ മാർച്ച് ആറിനകം കമീഷന് നൽകാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ ഈ കാലാവധി തീരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് എസ്.ബി.ഐ അവധി നീട്ടാൻ അപേക്ഷയുമായി കോടതിയിൽ വന്നതെന്നും കോടതി കുറ്റപ്പെടുത്തി. കോടതി ഉത്തരവ് ധിക്കരിച്ചതിന് ഹരജിക്കാരായ എ.ഡി.ആറും സി.പി.എമ്മും കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷകളും നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ട് പദ്ധതിയും അത് നടപ്പാക്കാനായി ഉണ്ടാക്കിയ ധന നിയമ, ജനപ്രാതിനിധ്യ നിയമ, ആദായ നികുതി നിയമ ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണെന്ന് തങ്ങൾ പ്രഖ്യാപിച്ചതാണെന്ന് എസ്.ബി.ഐയുടെ അപേക്ഷ തള്ളിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടയുടെ 19(1) അനുഛേദ പ്രകാരം വിവരമറിയാനുള്ള പൗരന്‍റെ അവകാശത്തിന്‍റെ ലംഘനമാണിത്. കോർപറേറ്റുകൾ കണക്കറ്റ ഫണ്ട് രാഷ്​ട്രീയ പാർട്ടികൾക്ക് നൽകുന്നത് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്‍റെ ലംഘനമാണെന്നും തങ്ങൾ വിധിയിൽ വ്യക്തമാക്കിയതാണെന്ന് കോടതി പറഞ്ഞു. ഭരണഘടനാബെഞ്ചിന്റെ ഈ വിധി ഫലപ്രദമായി നടപ്പാക്കാനാണ് ഇലക്ടറൽ ബോണ്ടിന്‍റെ ചുമതലയുള എസ്.ബി.ഐയോട് വിവരം നൽകാൻ ആവശ്യപ്പെട്ടത്. ബോണ്ടുകൾ വാങ്ങിയ വ്യക്തികളുടെയും പണം വാങ്ങിയ രാഷ്ട്രീയ പാർട്ടികളുടെയും വിശദാംശങ്ങളാണ് കോടതി ആരാഞ്ഞത്.

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ സമാഹരിക്കൽ സങ്കീർണവും സമയമെടുക്കുന്നതുമായ പ്ര​​ക്രിയയാണെന്നും ഡിജിറ്റൽ രൂപത്തിലും കേന്ദ്രീകൃത രൂപത്തിലും സൂക്ഷിച്ചിട്ടില്ലെന്നുമുള്ള എസ്.ബി.ഐയുടെ വാദങ്ങൾ തള്ളുകയാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പാർട്ടികൾക്ക് സംഭാവന നൽകാൻ ബോണ്ട് വാങ്ങിയ ആളുകളുടെയും ആ ബോണ്ടുകൾ സ്വീകരിച്ച് പണമാക്കിയ പാർട്ടികളുടെയും വിവരങ്ങൾ മുദ്രവെച്ച കവറുകളിലായി എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിലുണ്ട്. അവ വെളിപ്പെടുത്താനാണ് കോടതി ആവശ്യപ്പെട്ടത്. ഓരോ ഇലക്ടറൽ ബോണ്ട് അപേക്ഷയും അതിന്‍റെ കെ.വൈ.സിയും അതിന് സംഭാവന അടക്കുന്ന രീതിയും എസ്.ബി.ഐയുടെ പക്കലുണ്ട്. പെട്ടെന്ന് കിട്ടാവുന്ന വിവരങ്ങളാണത്. അതിനാൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ട് വിവരങ്ങൾ തമ്മിൽ ഒത്തുനോക്കാൻ സമയം വേണമെന്ന ആവശ്യം അംഗീകരിക്കാതെ തള്ളുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ 7(4) വ്യവസ്ഥ പ്രകാരം രഹസ്യമാക്കി വെക്കുന്ന വിവരങ്ങൾ കോടതികളോ നിയമ ഏജൻസികളോ ആവശ്യപ്പെട്ടാൽ വെളിപ്പെടുത്തണം. അതിനാൽ ആ പദ്ധതി പ്രകാരം തന്നെ കോടതി ആവശ്യപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ എസ്.ബി.ഐ ബാധ്യസ്ഥമാണെന്നും കോടതി കൂട്ടിച്ചേർത്തു.

Tags:    
News Summary - electoral bond case supreme court dismisses sbi pela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.