മൈസൂർ: മൈസൂർ ജില്ലയിലെ എച്ച്.ഡി കോട്ടെ താലൂക്കിലെ ജലാശയത്തിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയത് ആന. ഒടുവിൽ എട്ടുമണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ വനപാലകരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു.
എച്ച്.ഡി കോട്ടെയിലെ നുഗു ജലാശയത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ആറുമണിയോടെയാണ് ആന വലയിൽ കുടുങ്ങിയ വിവരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അവർ വിവരമറിയിച്ചതനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. എന്നാൽ, എപ്പോളാണ് ആന വലയിൽ കുടുങ്ങിയതെന്ന വിവരം നാട്ടുകാർക്കും അറിയില്ലായിരുന്നു.
തുടർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമത്തിലായി വനപാലകരും നാട്ടുകാരും. ആന കുടുങ്ങിയിരിക്കുന്ന വലയിൽ ഹൂക്കുകൾ പിടിപ്പിച്ച് വലിച്ചുമാറ്റി രക്ഷപ്പെടുത്താനായിരുന്നു വനപാലകരുടെ ശ്രമം. എന്നാൽ, ബോട്ട് അടുക്കുേമ്പാളെല്ലാം ആന ഭയന്ന് വെള്ളം ഇളക്കുന്നതിനാൽ അത് ബുദ്ധിമുട്ടായി. ഒടുവിൽ, ഫയർ ഫോഴ്സുകാരെത്തിയാണ് വലയിൽ ഹൂക്ക് ഘടിപ്പിച്ച് വലിച്ചുമാറ്റിയത്.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആനയെ രക്ഷിച്ച് സമീപത്തെ കാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന ഈ പ്രദേശത്ത് മീൻ പിടിക്കാനുള്ള വലകൾ എങ്ങിനെ വന്നുവെന്ന് അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.