ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ദന്ന ധർ വനത്തിൽ സുരക്ഷാസേനയുടെ തിരച്ചിൽ

കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ഛത്രൂ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഛത്രൂ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഗുരിനൽ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇപ്പോഴും തുടരുകയാണ്.

ഭീകരർക്കായുള്ള സുരക്ഷാസേനകളുടെ സംയുക്ത പരിശോധന ദന്ന ധർ വനത്തിൽ പുരോഗമിക്കുകയാണെന്നും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നതായും കിഷ്ത്വാർ പൊലീസ് എക്സിലൂടെ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്ന് പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. പാക് അധീന കശ്മീരിലെ ടാരിനോട്ട് സ്വദേശിയായ ഹസ്സം ഷഹ്‌സാദിനെയാണ് (35) ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. മെന്ധർ സെക്ടറിലെ നിയന്ത്രണരേഖ കടന്ന് ഇയാൾ ഇന്ത്യയിലെത്തുകയായിരുന്നു.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ ബ്രാവോ ചെക്ക് ഏരിയക്കടുത്ത് ഒളിച്ചിരുന്ന ഇയാളെ പട്രോളിങ്ങിനിടെയാണ് കണ്ടെത്തിയത്. പ്രാഥമിക ചോദ്യംചെയ്യലിൽ, അശ്രദ്ധമായി നിയന്ത്രണരേഖ കടന്നെന്നാണ് ഇയാൾ മൊഴി നൽകിയത്. 1800 രൂപയുടെ പാകിസ്താൻ കറൻസിയും തിരിച്ചറിയൽ കാർഡും രണ്ട് മൊബൈൽ സിം കാർഡുകളും കണ്ടെടുത്തു.

അതിനിടെ, നിയന്ത്രണരേഖയിൽ സായുധ ഭീകരൻ നടത്തിയ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) പരാജയപ്പെടുത്തി. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തെങ്കിലും ഭീകരനെ പിടികൂടാനായില്ല. 

Tags:    
News Summary - Encounter underway between security forces, terrorists in Chatroo area of Kishtwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.