ന്യൂഡൽഹി: എൻഡോസൾഫാൻ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തിൽ സംസ്ഥാന സർക്കാറിനെതിരെ രോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി. ദുരിതബാധിതർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം കൈമാറണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സർക്കാറിന് നിർദേശം നൽകി.
അഞ്ച് ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്ക് നൽകാനുള്ള 2017 ജനുവരിയിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കോൺഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കലക്ടിവ് നേതൃത്വത്തിൽ എട്ട് ഇരകൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ മൂന്നാഴ്ചക്കകം 50,000 രൂപ കൂടി സർക്കാർ നൽകാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നഷ്ടപരിഹാര വിതരണത്തിലെ പുരോഗതി പ്രതിമാസം വിലയിരുത്താനും ഇരകൾക്കുള്ള ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്താനും കോടതി നിർദേശം നൽകി.
ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷമായിട്ടും നഷ്ടപരിഹാരം നൽകാത്തതെന്തെന്ന് ആരാഞ്ഞ കോടതി ഇരകൾ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി. 3,704 പേർക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
കോടതിയിൽ വന്ന എട്ട് പേർക്ക് മാത്രമാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയത്. മറ്റുള്ളവർക്ക് നൽകിയില്ല. ഇരകളിൽ അർബുദം ഉള്ളവരും മാനസിക വൈകല്യമുള്ളവരുമുണ്ട്. എന്തിനാണ് ഈ പാവങ്ങൾ നീതിക്കായി ഡൽഹിയിൽ വരേണ്ടത്? സർക്കാർ അത് സ്വയം ചെയ്യണം. ഞങ്ങളുടെ വിധി അഞ്ചുവർഷം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇരകൾക്ക് വൈദ്യസഹായം നൽകുന്നതിന് സ്വീകരിച്ച നടപടികൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാനും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ജൂലൈ മൂന്നാം വാരത്തിൽ ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.