ന്യൂഡൽഹി: 28 കോടിയിലധികം ഇ.പി.എഫ്.ഒ പെൻഷൻ പ്ലാൻ ഉടമകളുടെ അക്കൗണ്ടിന്റെയും നോമിനിയുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായി വെളിപ്പെടുത്തൽ. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (ഇ.പി.എഫ്.ഒ) 28.8 കോടി എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) ഉടമകളുടെ വ്യക്തിഗത രേഖകൾ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് യുക്രെയ്ൻ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ ഗവേഷകനും മാധ്യമപ്രവർത്തകനുമായ ബോബ് ഡയചെങ്കോ അവകാശപ്പെട്ടു.
സെക്യൂരിറ്റി ഡിസ്‌കവറി ഡോട്ട് കോമിലെ സൈബർഇന്റലിജൻസ് ഡയറക്ടറും മാധ്യമ പ്രവർത്തകനുമാണ് ബോബ് ഡയചെങ്കോ. ഇ.പി.എഫ് സ്കീം അംഗങ്ങളുടെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) വിവരങ്ങൾ അടങ്ങിയ രണ്ട് വ്യത്യസ്ത ഐ.പി വിലാസം തങ്ങളുടെ സംവിധാനങ്ങൾ കണ്ടെത്തിയതായി ഇദ്ദേഹം അവകാശപ്പെട്ടു.
ഒരു ഐ.പിയിൽനിന്ന് 28 കോടി പേരുടെയും മറ്റൊന്നിൽനിന്ന് 84 ലക്ഷം പേരുടെയും വിവരങ്ങളാണ് ഇവർ ചോർത്തിയത്. ഓരോരുത്തരുടെയും യു.എ.എൻ, ബാങ്ക് അക്കൗണ്ട് നമ്പർ, തൊഴിൽ, വൈവാഹിക നില, ലിംഗഭേദം, ജനനത്തീയതി എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.
'നിർണായക വിവരങ്ങൾ ആയതിനാലാണ് ഉറവിടവും അനുബന്ധ വിവരങ്ങളും സംബന്ധിച്ച വിശദാംശങ്ങളൊന്നും നൽകാതെ ട്വീറ്റ് ചെയ്യാൻ തീരുമാനിച്ചത്. ട്വീറ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ രണ്ട് ഐ.പികളും മാറ്റിയിട്ടുണ്ട്. ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല' -ഡയചെങ്കോ വ്യക്തമാക്കി. "സുരക്ഷ വീഴ്ച മുന്നറിയിപ്പ്: ഈ ഇന്ത്യൻ ഡാറ്റാബേസിലെ 28 കോടി പേരുടെ വിവരങ്ങൾ, ഇപ്പോൾ പരസ്യമായി ലഭ്യമാണ്. എവിടെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്?' എന്നായിരുന്നു ഡയചെങ്കോയുടെ ആദ്യ ട്വീറ്റ്. ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ @IndianCERTയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. രണ്ട് ഐപികളും ഇപ്പോൾ നീക്കം ചെയ്തതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.