ന്യൂഡൽഹി: മുസ്‌ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ മൂന്ന് സ്വകാര്യ ബില്ലുകൾക്ക് പാർലമെന്റ് അവതരണാനുമതി നൽകി. പൊലീസ് കസ്റ്റഡിയിലെ മൂന്നാം മുറകളെക്കുറിച്ചാണ് ഒരു ബിൽ. കസ്റ്റഡിയിൽ മർദനമേറ്റ് മരണം പോലും സംഭവിക്കുന്ന കേസുകളിൽ പോലും ഗൗരവകരമായ നടപടികൾക്ക് കുറ്റക്കാർ വിധേയരാവുന്നില്ല. നിയമത്തിൽ അവയെ പറ്റിയുള്ള പരാമർശങ്ങൾ അപര്യാപ്തമാണ്. ഇക്കാര്യത്തിൽ കുറ്റവാളികളെ ശിക്ഷിക്കാനും ഇത്തരം അതിക്രമങ്ങൾക്ക് വിധേയരാകുന്ന ആളുകൾക്ക് നഷ്ടപരിഹാരം നൽകുവാനും ഉതകുന്നതാണ് ഈ ബില്ല്.
ആൾക്കൂട്ട അതിക്രമങ്ങളെ കുറിച്ചാണ് രണ്ടാമത്തെ ബില്ല്. സുപ്രീം കോടതി തന്നെ ആൾകൂട്ട കൊലക്കെതിരെ കൃത്യമായ നിയമ നിർമാണം വേണമെന്ന് നിരീക്ഷിച്ചിട്ടുള്ളതാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെ ഇത് വ്യാപകമാകുന്നത് കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരം കേസുകൾ വ്യക്തിയുടെ ജീവിതത്തിനും സ്വത്തിനും സത്യസന്ധമായ നീതി നിർവഹണത്തിനും എതിരായി തീരുകയാണ്. ഇത്തരം നടപടികളെ ഗൗരവമായി ഇടപെടുന്നതിനും ആവശ്യമായ ശിക്ഷ കൊണ്ട് വരുന്നതിനും ഇരയാവുന്ന ആളുകൾക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുക്കുന്നതിനും ത്വരിത ഗതിയിലുള്ള നടപടിക്കും പര്യാപ്തമാകണമെന്നാണ് ബിൽ.
അലീഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി ഭേദഗതി ബില്ലാണ് മറ്റൊന്ന്. യൂനിവേഴ്സിറ്റിയോട് അനുബന്ധിച്ച് 3 കേന്ദ്രങ്ങൾ പെരിന്തൽമണ്ണയിലും ബിഹാറിലെ കിഷൻഗഞ്ചിലും ബംഗാളിലെ മുർഷിദാബാദിലും ആരംഭിച്ചിരുന്നു. യൂനിവേഴ്സിറ്റിയിലെ ക്ലോസ് 12/2 പ്രകാരം രൂപീകരിക്കപ്പെട്ടതാണ് ഈ സെന്ററുകൾ. എന്നാൽ അതോടൊപ്പം യൂനിവേഴ്സിറ്റിയോടനുബന്ധിച്ച് സ്കൂൾ ആരംഭിക്കണമെന്ന് വകുപ്പുണ്ട്. 50% പേർക്ക് യൂനിവേഴ്സിറ്റിയിലെ തന്നെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നു എന്നതാണ് ഇതിലെ ആകർഷണീയത. ഇവിടെ സ്കൂളുകൾ സ്ഥാപിക്കാത്തതിന്റെ ഫലമായി അവർക്ക് ആ ആനുകൂല്യം കിട്ടാതെ പോയി. ക്യാമ്പസുകൾ സ്ഥാപിക്കപ്പെടുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതെ പോവുകയാണ്. ഇത് ഉറപ്പാക്കാൻ അലീഗഢ് ക്യാമ്പസിലെ സംവിധാന പ്രകാരം തന്നെ ഈ സെന്ററുകളിലും സ്കൂളുകൾ ഏർപ്പെടുത്താനും ഇതിന്റെ സ്ഥാപന ലക്ഷ്യം സാക്ഷാത്കരിക്കാനും ഉതകുന്ന ബില്ലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.