ന്യൂഡൽഹി: രാജ്യത്ത് നിന്നും സവർക്കറുടെയും ഗോഡ്സെയുടെയും മക്കളെ തുരത്താനുള്ള സമയം അതിക്രമിച്ചുവെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിച്ചതിന് പിന്നിൽ ആർ.എസ്.എസിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വിനായ്ക ദാമോദർ സവർക്കറും നാഥുറാം ഗോഡ്സെയും പോയി, പക്ഷേ അവരുടെ മക്കൾ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. അവരെ ഈ രാജ്യത്ത് നിന്നും തുരത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 1948 സെപ്തംബർ 17ന് നൈസാമിന്‍റെ ഭരണത്തിലായിരുന്ന ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിച്ചതിൽ ആർ.എസ്.എസിന് യാതൊരു പങ്കുമില്ല. " - ഉവൈസി പറഞ്ഞു. ഹൈദരാബാദിന്‍റെ ലയനത്തിൽ രക്തം ചൊരിഞ്ഞിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തേയും അദ്ദേഹം വിമർശിച്ചു.
ഹൈദരാബാദ് വിമോചനദിന ആഘോഷത്തിനിടെ 'നേഷൻ ഫസ്റ്റ്' എന്ന തത്വം പിന്തുടർന്ന് പൊലീസ് നടപടി ആസൂത്രണം ചെയ്യുകയും നൈസാമിന്റെ റസാക്കർ സൈന്യത്തെ "രക്തം ചൊരിയാതെ" കീഴടങ്ങാൻ നിർബന്ധിക്കുകയും ചെയ്തത് സർദാർ പട്ടേലാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നടപടിക്ക് ശേഷം പണ്ഡിറ്റ് സുന്ദർലാലിന്‍റെ നേതൃത്വത്തിലുള്ള സമിതി ഹൈദരാബാദ് സംസ്ഥാനം സന്ദർശിച്ചിരുന്നുവെന്നും 20,000ത്തിലധികം മുസ്ലിങ്ങൾ കൊല്ലപ്പെട്ടതായി അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും ഉവൈസി പറഞ്ഞു. ആരുടെയും രക്തം ചൊരിയാതെ അന്ന് ലയനം സാധ്യമാകുമായിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങൾക്ക് കാരണം അന്നത്തെ സർക്കാരിന്‍റെ അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു തുള്ളി രക്തം പോലും ചൊരിയാതെ ഹൈദരാബാദിന്‍റെ ലയനം നടന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. അമിത് ഷാ, നിങ്ങൾ കള്ളം പറയുകയാണ്. 1948 സെപ്തംബർ 18ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്‍റെ പ്രസംഗത്തിൽ രക്തം പൊലിഞ്ഞിട്ടില്ലെന്ന് കള്ളം പറഞ്ഞു, ഇന്ന് അത് ഷാ ആവർത്തിക്കുകയാണ്. പണ്ഡിറ്റ് സുന്ദർലാലിന്‍റെ റിപ്പോർട്ട് നെഹ്റുവിന്‍റെയും, ഷായുടെയും കള്ളങ്ങൾ പൊളിച്ചെഴുതുന്നതാണ്" - ഉവൈസി കൂട്ടിച്ചേർത്തു.
ഉവൈസി നൈസാമിന്‍റെ ആയുധധാരികളായ പിൻഗാമിയാണ് (റസാകർ) എന്ന കോൺഗ്രസിന്‍റെയും ബി.ജെ.പിയുടേയും പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. ആയുധധാരികളായ പിൻഗാമികൾ രാജ്യം വിട്ടുപോയെന്നും അദ്ദേഹത്തിന്‍റെ ശരിയായ പിൻഗാമികളാണ് ഇപ്പോഴും രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. നൈസാമിന്‍റെ സംഭാവനകളെ ആർക്കും തള്ളിക്കളയാനാകില്ല. തെലുങ്കു ദേശം പാർട്ടിയുടെ ചന്ദ്രബാബു നായിഡു ഹൈടെക് സിറ്റി എന്ന ആശയത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ ആ സ്ഥലം കൈവശപ്പെടുത്താതെ വിടുക എന്നത് നൈസാമിന്‍റെ കാഴ്ചപ്പാടായിരുന്നു. നൈസാമിന്‍റെ നല്ല പ്രവർത്തികളെ നമ്മൾ എല്ലാവരും പ്രശംസിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തിന്‍റെ കാലത്താണ് ജനിച്ചിരുന്നതെങ്കിൽ ചിലപ്പോൾ പ്രയാസം തോന്നിയേനേ കാരണം അന്ന് ഒരു ഭരണഘടനയുണ്ടായിരുന്നില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു. നബിദിനവും ഗണേഷ ചതുർധിയും ഒരേ ദിവസമാണ് ആഘോഷിക്കുന്നതെന്നും ജനങ്ങൾ ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തെലങ്കാന തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ഉവൈസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.