ന്യൂഡൽഹി: ''പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. ഭീകരപ്രവർത്തന നിരോധന നിയമമായ യു.എ.പി.എയുടെ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്യാനുള്ള ഭീകര ചെയ്തിയല്ല പ്രതിഷേധം. എതിർപ്പുകൾ ഞെരിച്ചമർത്താൻ യു.എ.പി.എ പൊലീസ് ദുരുപയോഗിക്കരുത്. തലസ്ഥാനത്തെ ഒരു സർവകലാശാല വളപ്പിൽ നിന്ന് ഒരു പറ്റം വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയാൽ ഉലഞ്ഞു പോകുന്നതല്ല രാജ്യത്തിെൻറ അടിത്തറയെന്ന് മനസ്സിലാക്കണം'' ഡൽഹി ഹൈകോടതിയുടേതാണ് ഈ പരാമർശം.
പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ വിദ്യാർഥികളായ ആസിഫ് ഇഖ്ബാൽ തൻഹ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയ ഡൽഹി പൊലീസ് നടപടി അന്യായമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടി ചട്ടങ്ങൾ (സി.ആർ.പി.സി) തുടങ്ങിയ സാധാരണ നിയമങ്ങൾ കൊണ്ട് കൈകാര്യം ചെയ്യേണ്ട കുറ്റങ്ങൾക്ക് യു.എ.പി.എ പ്രയോഗിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു.
യു.എ.പി.എ ചുമത്തിയതല്ലാതെ, അതിനു തക്ക ഗൗരവപ്പെട്ട കുറ്റങ്ങൾ ഈ വിദ്യാർഥികൾ ചെയ്തെന്ന് സ്ഥാപിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഭീകര ചെയ്തി എന്നു പറഞ്ഞാൽ ഭീകരതയാവില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരം സർക്കാർ നിരോധിച്ചിട്ടില്ല. അത്തരമൊരു പ്രതിഷേധം നിയമവിരുദ്ധവുമല്ല. ഈ സമരങ്ങളെല്ലാം പൊലീസും അന്വേഷണ ഏജൻസികളും അതതു ഘട്ടങ്ങളിൽ നിരീക്ഷിച്ചിരുന്നു. പ്രക്ഷോഭത്തിെൻറ ഏകോപനത്തിന് ഉണ്ടാക്കിയ സംഘടനകളെയും പൊലീസ് നിരോധിച്ചിട്ടില്ല. എന്നിരിക്കേ, പ്രഥമദൃഷ്ട്യാ പോലും യു.എ.പി.എ ചുമത്താൻ വകുപ്പില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിലേക്കുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു 2019 ഡിസംബറിൽ നടന്ന പൗരത്വ പ്രക്ഷോഭമെന്ന പൊലീസിെൻറ കുറ്റപത്രത്തിലെ വാദവും കോടതി തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.