ചെന്നൈ: ഇന്ത്യയെ രക്ഷിക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ച് നിൽക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ നയം വ്യക്തമാക്കിയത്. നേതാക്കൾ വ്യക്തിപരമായ രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച് ഒരേ വേദിയിൽ അണിനിരക്കണം. പാർട്ടികളുടെ ഐക്യമാണ് ശക്തിയെന്ന് തിരിച്ചറിയണം. ഇതിലൂടെ മാത്രമെ രാജ്യത്തിന്‍റെ വൈവിധ്യം, ഫെഡറലിസം, ജനാധിപത്യം, മതേതരത്വം, സമത്വം, സാഹോദര്യം, സംസ്ഥാന അവകാശങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയൂ. തമിഴ്‌നാട്ടിൽ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിച്ചതിലൂടെ ബി.ജെ.പിയെ മാറ്റി നിർത്താനായി. ദേശീയതലത്തിലും തമിഴ്നാട് മോഡൽ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്.
അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് മറ്റുകക്ഷികളുമായി ഇത്തരം തത്വാധിഷ്‌ഠിത സൗഹൃദം വളർത്തിയെടുക്കണം.
നിലവിൽ ഡി.എം.കെ പാർലമെന്‍റിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയാണ്. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നതുൾപ്പെടെ ദേശീയ രാഷ്ട്രീയത്തിൽ തങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാവും.
അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പി വൻ വിജയം നേടിയെന്ന് പറയുന്നത് തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടാനിരിക്കുന്ന വിജയമാണ് സൂചിപ്പിക്കുന്നതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകൾ അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളിലാണ് ഊന്നൽ നൽകുക.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ശരിയായ വിധത്തിൽ അവലോകനം ചെയ്താൽ ബി.ജെ.പിക്ക് ക്ഷീണം സംഭവിച്ചതായാണ് വ്യക്തമാവുക. ഉത്തർപ്രദേശിൽ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 10 മന്ത്രിമാരുടെ തോൽവി ജനങ്ങളുടെ അതൃപ്തിയുടെ പ്രകടനമാണ്. ഉത്തരാഖണ്ഡിൽ ബി.ജെ.പി മുഖ്യമന്ത്രി പരാജയപ്പെട്ടു. ഗോവയിലും അവരുടെ പ്രധാന നേതാക്കൾ പരാജയപ്പെട്ടു. പഞ്ചാബ് നിയമസഭയിൽ പാർട്ടിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.
തമിഴ്‌നാട്ടിൽ മൂന്നാമത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായി വളർന്നതായ ബി.ജെ.പി നേതാക്കളുടെ അവകാശവാദവും നിരർത്ഥകമാണെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.