മുന്നാക്ക സംവരണം: വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്; പാമ്പ് കടിച്ചവനെ ഇടിവെട്ടിയെന്ന് വെള്ളാപ്പള്ളി

ന്യൂഡൽഹി: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ തുടങ്ങിവെച്ച ഭരണഘടന ഭേദഗതി പ്രക്രിയയാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു.

മോദിയുടെ സാമൂഹികനീതി ദൗത്യത്തിന്റെ വിജയം -ബി.ജെ.പി

ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ സ്വാഗതംചെയ്ത് ബി.ജെ.പി. രാജ്യത്തെ ദരിദ്രർക്ക് സാമൂഹികനീതി ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിന്റെ വിജയമാണിതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് അവകാശപ്പെട്ടു.

സാമ്പത്തിക സംവരണ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തത് –യെച്ചൂരി

ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വരുമാന പരിധിയായ എട്ടു ലക്ഷം വളരെ കൂടുതലാണ്. വിധിയുടെ അടിസ്ഥാനത്തിൽ ജാതി‌ സെൻസസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പ്രതികരിച്ചു.

സാമൂഹികനീതിക്കായുള്ള പോരാട്ടത്തിന് തിരിച്ചടി –സ്റ്റാലിൻ

ചെന്നൈ: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് 10 ശതമാനം സംവരണമേർപ്പെടുത്തിയ നിയമം ശരിവെച്ച സുപ്രീംകോടതി വിധി നൂറ്റാണ്ടുനീണ്ട സാമൂഹികനീതിക്കായുള്ള പോരാട്ടത്തിന് തിരിച്ചടിയാണെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

സ്വാഗതാര്‍ഹം -കെ. സുധാകരന്‍

കണ്ണൂർ: മുന്നാക്ക സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. നിലവില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശം നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. സാമൂഹിക നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണ് -സുധാകരന്‍ വാർത്തകുറിപ്പിൽ വ്യക്തമാക്കി.

പാമ്പ് കടിച്ചവന്‍റെ തലയിൽ ഇടിവെട്ടി-വെള്ളാപ്പള്ളി

കൊല്ലം: പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടിയെന്ന് പറഞ്ഞപോലെയാണ് സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

സാമൂഹിക നീതിക്കെതിര് -ലാറ്റിന്‍ കൗണ്‍സില്‍

കൊച്ചി: മുന്നാക്ക വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം ശരിവെക്കുന്ന സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. വിധികർത്താക്കളിൽ രണ്ടുപേര്‍ സാമ്പത്തിക സംവരണത്തെ അനുകൂലിക്കാത്തത് പ്രസക്തമാണെന്നും വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും പറഞ്ഞു.

സ്വാഗതാർഹം -സിറോ മലബാർ സഭ

കൊച്ചി: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീതി ഉറപ്പാക്കുന്ന ഭരണഘടന ബെഞ്ചിന്‍റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമീഷൻ ചെയർമാൻ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

സ്വാഗതം ചെയ്ത് എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് എൻ.എസ്.എസ്. ഇത് സാമൂഹികനീതിയുടെ വിജയമാണ്. സംവരണം നൽകുന്നത് ജാതിയുടെ പേരിലായിരിക്കരുത്, സാമ്പത്തിക അടിസ്ഥാനത്തിലായിരിക്കണം എന്ന മന്നത്ത് പത്മനാഭന്‍റെ കാലം മുതൽക്കുള്ള എൻ.എസ്.എസിന്‍റെ നിലപാടിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിധിയെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാത്ത വിധി -ഐ.എൻ.എൽ

കോഴിക്കോട്: സുപ്രീംകോടതി വിധി നിരാശജനകവും ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാത്തതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട്: സുപ്രീംകോടതി വിധി നിർഭാഗ്യകരമാണെന്നും പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും ഐ.എൻ.എൽ (വഹാബ് വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടന തത്ത്വങ്ങൾക്കെതിര് -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വിധി ഭരണഘടന മുന്നോട്ടുവെച്ച സാമൂഹികനീതി തത്ത്വങ്ങൾക്കെതിരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. അഞ്ചംഗബെഞ്ചിൽ ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേർ എതിർ വിധി പറഞ്ഞതിനാൽ വിശാല ബെഞ്ചിന് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനയുടെ സാമൂഹികനീതി തത്ത്വങ്ങള്‍ക്കെതിര് -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഭരണഘടനാഭേദഗതി ശരിവെക്കുന്ന സുപ്രീംകോടതി വിധി ഭരണഘടനയുടെ സാമൂഹികനീതി തത്ത്വങ്ങളെ നിരാകരിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹികനീതി താല്‍പര്യങ്ങള്‍ക്കെതിരാണ് വിധി. സാമൂഹികനീതിയും സംവരണവുമായും ബന്ധപ്പെട്ട ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഉജ്ജ്വലമായ ചരിത്രത്തെയും വിധിതീർപ്പുകളെയും കളങ്കപ്പെടുത്തുന്നതും നിരാകരിക്കുന്നതുമാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി -അബ്ദുല്‍ അസീസ് പറഞ്ഞു.

ചാതുർവർണ്യ വ്യവസ്ഥ പ്രോത്സാഹിപ്പിക്കും -മെക്ക

കൊച്ചി: സുപ്രീംകോടതി വിധി ചാതുർവർണ്യ വ്യവസ്ഥയും ജാതി വിവേചനവും പ്രോത്സാഹിപ്പിക്കുമെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക). ജാതിവിവേചനം വർധിപ്പിക്കുന്നതും മുന്നാക്ക സവർണ മേധാവിത്വം പ്രോത്സാഹിപ്പിക്കുന്നതുമാണിത്. രണ്ടംഗ ന്യൂനപക്ഷ വിധിയാണ് പിന്നാക്ക- പട്ടിക വിഭാഗങ്ങൾക്കുള്ള ആശ്വാസം -മെക്ക പത്രക്കുറിപ്പിൽ പറഞ്ഞു.

ആശങ്കയുളവാക്കുന്നത് -കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക സംവരണത്തിൽ സുപ്രീംകോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയാൻ ഇത് കാരണമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം വേണം. എന്നാൽ, സംവരണത്തിൽ ഇത് കൊണ്ടുവരുമ്പോൾ സാമൂഹികനീതിയെ ബാധിക്കും. പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയും -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - EWS reservation: Congress welcomes verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.