മുൻ ബി.ജെ.പി എം.എൽ.എ അനിൽ ഝാ എ.എ.പിയിൽ ചേർന്നു

ന്യൂഡൽഹി: ബി.ജെ.പി മുൻ എം.എൽ.എ അനിൽ ​ഝാ എ.എ.പിയിൽ ചേർന്നു. എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു അനിൽ ഝായുടെ പാർട്ടി പ്രവേശനം. പൂർവാഞ്ചലി മേഖല കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങൾ. അതിനാൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ പൂർവാഞ്ചലിലെ വോട്ടർമാരുടെ പിന്തുണ ഉറപ്പിക്കാമെന്നാണ് അനിൽ ഝാ പാർട്ടി അംഗത്വം സ്വീകരിച്ചതോ​ടെ എ.എ.പി കരുതുന്നത്. ഡൽഹി മന്ത്രി

കൈലാഷ് ഗഹ്ലോട് എ.എ.പി വിട്ടതിനു പിന്നാലെയാണ് അനിൽ ഝായുടെ രംഗപ്രവേശം. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തിൽനിന്നാണ് ഝാ രണ്ട് തവണ എം.എൽ.എ ആയത്. കാവി പാർട്ടിയിലെ നയങ്ങളിലുള്ള അതൃപ്തി പരസ്യമാക്കിയാണ് അദ്ദേഹം എ.എ.പിയിലെത്തിയത്. ഝായുടെ സാന്നിധ്യം ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ വേരുറപ്പിക്കാൻ എ.എ.പിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പൂർവാഞ്ചലി സമുദായത്തിന് വികസനം കൊണ്ടുവരാൻ പിന്തുണച്ച ഒരേയൊരു നേതാവാണെന്ന് പറഞ്ഞ് ഝാ കെജ്രിവാളിനെ പുകഴ്ത്തി. ആ മേഖലയിലെ ജനങ്ങൾക്ക് കുടി​വെള്ളം കിട്ടാക്കനിയായിരുന്നു. മാത്രമല്ല ഒരുതരത്തിലുള്ള അടിസ്ഥാന വികസനവും അവിടെയുണ്ടായിരുന്നില്ല. കെജ്രിവാളിന്റെ 10 വർഷത്തെ ഭരണത്തോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയെന്നും ഝാ പറഞ്ഞു.

യു.പിയിൽ നിന്നും ബിഹാറിൽ നിന്നും ആളുകൾ ഡൽഹിയിലെത്തുന്നത് വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയാണെന്ന് കെജ്രിവാൾ പറഞ്ഞു. വർഷങ്ങളായി പൂർവാഞ്ചലി മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങൾ ബി​.ജെ.പിയും കോൺഗ്രസും അവഗണിക്കുകയായിരുന്നു. എന്നാൽ താൻ മുഖ്യമന്ത്രിയായപ്പോൾ പൂർവാഞ്ചലി മേഖലയിൽ വികസനം കൊണ്ടുവരാനുള്ള നടപടികൾ ആവിഷ്‍കരിക്കാൻ ശ്രമിച്ചുവെന്നും കെജ്രിവാൾ പറഞ്ഞു.

ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഇത്. പിന്നീട് ചായ്‍വ് എ.എ.പിയോടായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 എ.എ.പി നേതാക്കളെയാണ് പൂർവാഞ്ചലി സമുദായത്തിലെ വോട്ടർമാർ വിജയിപ്പിച്ചത്. 

Tags:    
News Summary - Ex BJP MLA Anil Jha joins AAP shortly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.