മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ പങ്കുവെച്ച വിരമിച്ച നേവി ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ ക്രൂരമായി മർദിച്ചു. 65 കാരനായ മദന്‍ ശര്‍മ്മയെ പാർട്ടി പ്രവർത്തകർ കണ്ഡിവാലിയിലെ താമസസ്ഥലത്തെത്തി മർദിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ നാല് ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സേനയുടെ ശാഖാപ്രമുഖിലൊരാളായ കമലേഷ് ശർമ്മ ഉൾപ്പെടെയുള്ളവരാണ് മുംബൈ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഒളിവിൽ പോയ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതിനാണ് മദന്‍ ശര്‍മ്മയെ സേനാപ്രവർത്തകർ ക്രൂരമായി മർദിച്ചത്. വാട്ട്സ് ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ കമലേഷ് ശർമ്മ ഇയാളെ വിളിച്ച് താമസ സ്ഥലവും വിലാസവും ചോദിച്ചറിഞ്ഞു. ശേഷം പ്രവർത്തകർ സംഘം ചേർന്ന് കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലെ മദൻ ശർമയുടെ താമസസ്ഥലത്തെത്തി വിളിച്ചിറക്കി മർദിക്കുകയായിരുന്നു . വെള്ളിയാഴ്ച രാവിലെ 11.30ഓടെ നടന്ന അക്രമ സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
കണ്ണിന് പരിക്കേറ്റ മദൻ ശർമ ചികിത്സയിലാണ്. പരിക്കേറ്റ നിലയിലുള്ള ഇദ്ദേഹത്തിെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ താക്കറെ സർക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തി. സർക്കാര്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വിറ്ററിലൂടെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.