കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ് വാരയിലെ ഗുഗൽദാറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർ വെടിവെച്ചതിന് പിന്നാലെ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചെന്ന് കരസേനയുടെ ചിനാർ കോർപ്സ് എക്സിലൂടെ അറിയിച്ചു.
നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കരസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെയാണ് ഭീകരർ സേനക്ക് നേരെ വെടിയുതിർത്തത്.
സെപ്റ്റംബർ 23ന് കിഷ്ത്വാറിലെ ഛത്രൂ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഛത്രൂ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഗുരിനൽ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
സെപ്റ്റംബർ 11ന് ജമ്മു കശ്മീരിലെ കഠ്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കരസേനയുടെ പ്രത്യേക ദൗത്യസംഘവും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിൽ നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ബ്രാവോ ചെക്ക് ഏരിയക്കടുത്ത് ഒളിച്ചിരുന്ന ഇയാളെ പട്രോളിങ്ങിനിടെയാണ് കണ്ടെത്തിയത്. 1800 രൂപയുടെ പാകിസ്താൻ കറൻസിയും തിരിച്ചറിയൽ കാർഡും രണ്ട് മൊബൈൽ സിം കാർഡുകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.