ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷക സമരം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന.
സമാധാനപരമായി പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യെപ്പട്ട് ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം അടിച്ചമർത്തുന്നതിനെതിരെ കർഷകർ ശനിയാഴ്ച രാജ്യവ്യാപകമായി റോഡ് സ്തംഭിപ്പിക്കും. ചക്കാ ജാം എന്ന പേരാണ് ഇൗ സമരത്തിന് നൽകിയിരിക്കുന്നത്.
ഉച്ചക്ക് 12ന് തുടങ്ങുന്ന റോഡ് സ്തംഭിപ്പിക്കൽ മൂന്ന് മണിക്ക് ഒരു മിനിറ്റ് തുടർച്ചയായി ഹോൺ അടിച്ചായിരിക്കും അവസാനിപ്പിക്കുകയെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പൊലീസ്, അതിർത്തികൾ അടച്ച ഡൽഹിയെ റോഡ് തടയലിൽ നിന്ന് ഒഴിവാക്കി.
സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. റോഡ് തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.