ന്യൂഡൽഹി: കോവിഡ് മൂലം നാട്ടിലെത്തിയ പ്രവാസികൾക്ക് ഏറ്റവും നേരേത്ത തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ സഹായകമായ നിലപാട് ഗൾഫ്രാജ്യങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ. ഇതിനായി ഗൾഫ് നാടുകളുമായി സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെൻറിനെ അറിയിച്ചു.
പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. സൗദി അറേബ്യ, കുവൈത്ത്, ജപ്പാൻ, ചൈന, സിങ്കപ്പൂർ എന്നിവിടങ്ങൾക്ക് മുൻഗണന നൽകി പ്രത്യേക വിമാനസൗകര്യം ഒരുക്കാൻ സർക്കാർ തയാറാണ്. തൊഴിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ താൽപര്യപ്പെടുന്ന ഇന്ത്യക്കാരോട് അനുഭാവപൂർണമായ സമീപനം ഉണ്ടാകണമെന്ന് ഇൗ രാജ്യങ്ങളോട് ആവശ്യപ്പെടും -മന്ത്രി പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ ഭരണകർത്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരേത്ത ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങൾ സന്ദർശിച്ചു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവർക്ക് തിരിച്ചെത്താൻ സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.
ഗൾഫ് പ്രവാസികളെ കോവിഡ് സാഹചര്യങ്ങൾ സാമ്പത്തികവും സാമൂഹികവുമായി ഉലച്ചു. അത് കുറെയൊക്കെ മയപ്പെടുത്താൻ സർക്കാറിെൻറ ഇടപെടലുകളിലൂടെ കഴിഞ്ഞിട്ടുണ്ട്. എങ്കിലും വെല്ലുവിളികൾ ഇനിയും പരിഹരിക്കാനുണ്ട്. അതിന് സർക്കാർ മുൻഗണന നൽകും -മന്ത്രി പറഞ്ഞു.
സാമ്പത്തികമാന്ദ്യത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ് പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. തിരിച്ചുപോകാത്ത, മടങ്ങാൻ കാലതാമസം നേരിടുന്ന ഗൾഫ് പ്രവാസികളെ ഉദ്ദേശിച്ച് നൈപുണ്യ വികസന പദ്ധതികൾ സർക്കാർ തുടങ്ങി. തിരിച്ചുവരുന്നവർക്ക് ഏതേതു മേഖലകളിലാണ് വൈദഗ്ധ്യം ഉള്ളതെന്ന വിശദാംശങ്ങൾ സംസ്ഥാന സർക്കാറുകൾക്ക് അയക്കുന്നുണ്ട്. ഈ േഡറ്റ സംസ്ഥാന സർക്കാറും തൊഴിൽദാതാക്കളും ഉപയോഗപ്പെടുത്തണം.
കോവിഡ് മൂലം വിദേശത്ത് ഇന്ത്യക്കാരായ തൊഴിലാളികളും വിദ്യാർഥികളും നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് സർക്കാറിന് ബോധ്യമുണ്ട്. വന്ദേ ഭാരത് ദൗത്യത്തിനു കീഴിൽ 98 രാജ്യങ്ങളിൽനിന്ന് 45.86 ലക്ഷം പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.
പതിവു തൊഴിലിടത്തേക്ക് ഇന്ത്യക്കാർ തിരിച്ചു പോകുന്നതിലേക്കാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ നൽകുന്നത്. ഇതിനായി 27 രാജ്യങ്ങളുമായി വിമാന സർവിസ് ക്രമീകരണങ്ങൾ ഉണ്ടാക്കിയെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.