ചെന്നൈ: മധുര തിരുമംഗലം വടക്കംപട്ടി അഴകുസിറൈ ഗ്രാമത്തിലെ സ്വകാര്യ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ഉണ്ടായ പൊട്ടിത്തെറിയിൽ വല്ലരസു, ഗോപി, വിക്കി, അമ്മാസി, പ്രേമ എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. മൂന്ന് കെട്ടിടങ്ങളിലെ വെടിമരുന്ന് ഗോഡൗണുകളിൽ ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ ചിന്നിചിതറിയ നിലയിലാണ് കണ്ടെടുത്തത്. കെട്ടിടങ്ങൾ നിലംപരിശായിരുന്നു.
അഗ്നിശമന രക്ഷാ സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ മധുര രാജാജി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.
തൊഴിലാളികളിൽ ഭൂരിഭാഗവും ഉച്ചഭക്ഷണത്തിനായി പോയിരുന്നതിനാൽ ആളപായം കുറഞ്ഞതായി പൊലീസ് അറിയിച്ചു. വെടിമരുന്ന് മിശ്രിതം തയാറാക്കുന്നതിനിടെ ഉണ്ടായ തീപിടിത്തമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. റവന്യു- പൊലീസ് അധികൃതർ അന്വേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.