അഹമ്മദാബാദ്: ഗുജറാത്തിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്‍റെ ഫോട്ടോ പതിച്ച് കള്ളനോട്ടുകൾ. ഇത്തരത്തിൽ നടന്‍റെ ഫോട്ടോ പതിച്ച 1.6 കോടി മൂല്യം വരുന്ന 500 രൂപയുടെ കള്ളനോട്ടുകൾ അഹമ്മദാബാദ് പൊലീസ് പിടികൂടി.
Reserve Bank of India എന്നതിന് പകരം 'Resole Bank of India' എന്നാണ് കള്ളനോട്ടിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളനോട്ടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഞെട്ടലുണ്ടാക്കുന്നതിനപ്പുറം കൗതുകകരം കൂടിയാണ് നടന്‍റെ ഫോട്ടോ വെച്ച് അടിച്ച കള്ളനോട്ടുകളെന്ന് പലരും അഭിപ്രായപ്പെടുന്നു.
അഹമ്മദാബാദിലെ വ്യവസായിയായ മെഹുൽ താക്കറിന് രണ്ട് പേർ കൈമാറിയതാണ് ഈ കള്ളനോട്ടുകൾ. 2100 ഗ്രാം സ്വർണത്തിന് പകരമായി 1.6 കോടി രൂപ നൽകാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നു. തുടർന്നാണ് പണം കൈമാറിയത്. പിന്നീട് പരിശോധിച്ചപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേറും റിസർവ് ബാങ്കിന് പകരം റിസോൾ ബാങ്കുമാണ് നോട്ടിലുള്ളത് എന്ന് കണ്ടത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
'ഈ നാട്ടിൽ എന്തും സംഭവിക്കാം' എന്നാണ് തന്‍റെ ചിത്രമുള്ള 500 രൂപ നോട്ടിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ അനുപം ഖേർ പറഞ്ഞത്. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.