ബംഗളൂരു: കർണാടകയുടെ അഭിമാന പൊതുമേഖല സ്ഥാപനമായ മൈസൂർ സാൻഡൽ സോപ്പ് നിർമിക്കുന്ന വ്യാജ ഫാക്ടറി ഹൈദരാബാദിൽ മലക്പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തി.
രണ്ടു കോടി രൂപ വിലക്ക് വിപണിയിൽ വിറ്റഴിക്കേണ്ട സോപ്പുകൾ നിറച്ച പെട്ടികൾ ഫാക്ടറി ഗോഡൗണിൽനിന്ന് പിടിച്ചെടുത്തു.
ഫാക്ടറി നടത്തിപ്പുകാരായ രാകേഷ് ജയിൻ, മഹാവീർ ജയിൻ എന്നിവരെ മലക്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. 150 ഗ്രാം തൂക്കമുള്ള 1800 സോപ്പുകൾ അടങ്ങിയ 20 പെട്ടികൾ, 75 ഗ്രാമിന്റെ 9400 സോപ്പുകൾ അടക്കം ചെയ്ത 47 പെട്ടികൾ, ഈ ഇനങ്ങൾ അടക്കം ചെയ്യാവുന്ന 400 പെട്ടികൾ എന്നിവ പിടിച്ചെടുത്തവയിൽപെടും.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) ചെയർമാൻകൂടിയായ വ്യവസായ മന്ത്രി എം.ബി. പടിലിന് ലഭിച്ച രഹസ്യവിവരമാണ് വ്യാജ ഫാക്ടറി കണ്ടെത്താൻ സഹായിച്ചത്.
മന്ത്രി വിവരം കെ.എസ്.ഡി.എൽ മാനേജിങ് ഡയറക്ടർ ഡോ. പ്രശാന്തിന് കൈമാറുകയായിരുന്നു. കർണാടകയിൽനിന്ന് ഹൈദരാബാദിലേക്ക് മൈസൂർ ചന്ദന സോപ്പ് നീക്കം കാര്യമായി ഇല്ലാതെതന്നെ അവിടെ വിപണിയിൽ സുലഭമായിരുന്നു. കെ.എസ്.ഡി.എൽ ജീവനക്കാർ ഹൈദരാബാദിൽ വിവിധ മാർക്കറ്റുകളിൽനിന്നായി ലക്ഷം രൂപയുടെ ചന്ദനസോപ്പുകൾ വാങ്ങിയാണ് ഉറവിടം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.