ചെന്നൈ: തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ പടച്ചുവിട്ടതിന് തീവ്ര ഹിന്ദുത്വ വെബ്സൈറ്റായ ‘ഓപ്ഇന്ത്യ’യുടെ എഡിറ്റർക്കും സി.ഇ.ഒക്കും എതിരെ തമിഴ്നാട് പൊലീസ് കേസ് എടുത്തു. ബീഹാറിൽനിന്നുള്ള തൊഴിലാളികൾ തമിഴ്നാട്ടിൽ ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നായിരുന്നു സംസ്ഥാനത്തെ ഹിന്ദുത്വ സംഘങ്ങൾ പ്രചരിപ്പിച്ചത്. ഇതേതുടർന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെയടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
‘ഓപ്ഇന്ത്യ’ ഡോട്ട് കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ റൂഷൻ, എഡിറ്റർ നൂപൂർ ശർമ എന്നിവർക്കെതിരെയാണ് ആവഡി പൊലീസ് കേസെടുത്തത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഭീതി പടർത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ ഐ.ടി സെൽ ഭാരവാഹി സൂര്യപ്രകാശ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
വെബ്‌സൈറ്റ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും തമിഴ്‌നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും ഇത് പ്രദേശവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും തമ്മിൽ സംഘർഷത്തിന് ഇടയാക്കുമെന്നും സൂര്യപ്രകാശ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. താലിബാൻ മോഡൽ ആക്രമണങ്ങളിൽ തമിഴ്നാട്ടിൽ 15 ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലരുടെ തല അറുത്തതായും വെബ്സൈറ്റ് വ്യാജ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.