ന്യൂഡൽഹി: ഒരു പെൺകുട്ടിക്കും എന്‍റെ മകളുടെ ഗതി വരാതിരിക്കട്ടെ എന്ന പ്രാർഥനയുമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അയൽക്കാർ മുഖത്ത് കരിപൂശി, മൊട്ടയടിച്ച് തെരുവിൽ പ്രകടനം നടത്തി അപമാനിച്ച യുവതിയുടെ പിതാവ്.
രാജ്യത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ഇരുപതുകാരിയെ അയൽക്കാരടങ്ങുന്ന ഒരുകൂട്ടം മുഖത്ത് കരിപൂശി, മൊട്ടയടിച്ച് തെരുവിൽ പ്രകടനം നടത്തിയത്. സംഭവത്തിന്‍റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പുറംലോകം ഈ ക്രൂരതയെക്കുറിച്ച് അറിയുന്നത്.
കഴിഞ്ഞ നവംബർ മുതൽ തന്നെ യുവതി തുടർച്ചയായി അയൽക്കാരാൽ വേട്ടയാടപ്പെട്ടിരുന്നെന്ന് സഹോദരി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തളർവാത രോഗിയായ കിടപ്പിലായ യുവതിയുടെ പിതാവും സംഭവത്തിൽ പ്രതികരണവുമായി വന്നത്.
'യുവതിയെ അയൽക്കാർ മർദിച്ച രീതിയും അതവളിൽ ചെലുത്തിയ ആഘാതവും വലുതാണ്. അവൾക്ക് കിട്ടേണ്ട നീതിയെക്കുറിച്ച് ഞാന്‍ ഇപ്പോൾ ചിന്തിക്കുന്നില്ല, എനിക്ക് എന്റെ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നാൽ മാത്രം മതി'- പിതാവ് പറഞ്ഞു.
ആ തെരുവിലെ ആരെങ്കിലും സഹായിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ക്രൂരത അരങ്ങേറില്ലായിരുന്നു. ഇത്രയും വലിയൊരു അതിക്രമം കൺമുന്നിൽ നടന്നിട്ടും ആരും യുവതിയെ സഹായിക്കാനോ അയൽക്കാരെ തടയാനോ ശ്രമിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തി.
മൂന്ന് വയസുകാരനായ സ്വന്തം മകനെ നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് മകളെന്നും പിതാവ് പറഞ്ഞു. ബി.ജെ.പി എം.പിയായ ഗൗതം ഗംഭീറും കോൺഗ്രസുകാരനായ അനിൽ ചൗധരിയും തങ്ങളെ സന്ദർശിച്ചതായും പിതാവ് വ്യക്തമാക്കി. യുവതി ഇപ്പോഴും മാനസികാഘാതത്തിൽ മോചനം നേടിയിട്ടില്ല. കേസിൽ എട്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അയൽപക്കത്ത് താമസിച്ചിരുന്ന 14കാരന്‍റെ പ്രണയം യുവതി നിരസിച്ചതിനെ തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്തതാണ് പ്രശ്നങ്ങൾ ആരംഭിക്കാന്‍ കാരണമായത്. ആൺകുട്ടി ആത്മഹത്യ ചെയ്തതിന് കാരണം യുവതിയാണെന്ന് ആരോപിച്ച് കുടുംബം പ്രതികാരം ചെയ്യുകായിരുന്നുവെന്ന് സഹോദരി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
വനിതാ കമീഷൻ അധ്യക്ഷയായ സ്വാതി മലിവാൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.ജെ.പി എം.പി ഗൗതം ഗംഭീർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നിരവധി പ്രമുഖർ സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.