ന്യൂഡൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) വക്താവുമായ രാകേഷ് തികതിന് വധഭീഷണി. ഫോൺ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട് രാകേഷ് പൊലീസിൽ പരാതി നൽകി.
കാർഷിക നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭം കനക്കുന്നതിനിടെ കേന്ദ്രവുമായി ചർച്ച നടത്തുന്ന കർഷക സംഘടനകളുടെ പ്രതിനിധിയാണ് ബി.കെ.യുമായി അടുത്ത ബന്ധം പുലർത്തുന്ന രാകേഷ് തികത്.
വധഭീഷണിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദ് കൗഷാമ്പിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രാകേഷ് തികതിന് ഫോണിലൂടെ വധഭീഷണി എത്തിയതിനെ തുടർന്ന് ഫോൺ നമ്പറുകൾ നിരീക്ഷണത്തിലാക്കി. രാകേഷിന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രക്ഷോഭം നടക്കുന്ന ഗാസിപുർ അതിർത്തിയിൽ കർശന സുരക്ഷ ഒരുക്കി. പരാതി അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.
കേന്ദ്രവുമായി ഡിസംബർ 29ന് ചർച്ച നടത്തുമെന്നാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. നിലവിൽ സർക്കാറിന്‍റെ കോർട്ടിലാണ് പന്തെന്നും രാകേഷ് തികത് പ്രതികരിച്ചു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ വിവിധ അതിർത്തികളിൽ നടക്കുന്ന കർഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടു. അഞ്ചിലധികം തവണ ചർച്ചകൾ നടത്തിയിട്ടും കാർഷിക നിയമം പിൻവലിക്കില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതേസമയം നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.