ന്യൂഡൽഹി: കാർഷിക മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച വിഷയത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. വായ്പ എഴുതി തള്ളുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.
ഉച്ചക്ക് രണ്ടു മണിക്ക് കാർഷിക വിഷയം ലോക്സഭ ചർച്ച ചെയ്യുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാർ സഭയെ അറിയിച്ചു. പ്രതിപക്ഷം ബഹളം അവസാനിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നാതിനാൽ 12 മണിവരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.
രാജ്യസഭയിൽ ഗോ സംരക്ഷണത്തിന്‍റെ പേരിൽ ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സി.പി.എം അംഗം സീതാറാം യെച്ചൂരി അടക്കം 17 എം.പിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിച്ചു കൊണ്ടാണ് തീരുമാനം.
ഇതിനിടെ, നഴ്സുമാരുടെ വേതന വിഷയത്തിൽ കോൺഗ്രസ് എം.പി ആന്‍റോ ആന്‍റണി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നഴ്സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.