ന്യൂഡൽഹി: സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി ഇന്ന് നടക്കാനിരുന്ന കർഷകരുടെ യോഗം ജനുവരി 29ലേക്ക് മാറ്റി വെച്ചു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് തീരുമാനം.
ജനുവരി 21ന് എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക അസോസിയേഷനുകളുമായി സമിതി ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കാനിരുന്ന യോഗത്തിലേക്ക് മറ്റ് നിരവധി കർഷകരേയും കർഷക സംഘടനകളേയും ക്ഷണിച്ചിരുന്നു.
ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് സമിതിയെ നിയോഗിച്ചത്. സമിതി ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പുസ കാമ്പസിൽ ആദ്യ യോഗം ചേർന്നിരുന്നു.
സുപ്രീംകോടതി തുടക്കത്തിൽ കാർഷിക വിദഗ്ധരുടെയും പ്രവർത്തകരുടെയും നാലംഗ സമിതി രൂപീകരിച്ചുവെങ്കിലും ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) മുൻ അധ്യക്ഷൻ ഭൂപിന്ദർ സിങ് മാൻ താൻ സമിതിയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കമീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് മുൻ ചെയർമാൻ അശോക് ഗുലാത്തി, അഗ്രികൾച്ചർ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രമോദ് കുമാർ ജോഷി, മഹാരാഷ്ട്രയിലെ ഷേത്കാരി സംഗതാൻ സംഘടന അധ്യക്ഷൻ അനിൽ ഖൻവാത് എന്നിവരാണ് മറ്റ് മൂന്നംഗങ്ങൾ. തങ്ങൾ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടേയോ സർക്കാർ വകുപ്പുകളുടേതേയാ ഭാഗമല്ലെന്നാണ് ഇവരുടെ വാദം.
''ഞങ്ങളെ നേരിൽ വന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം. മറ്റുള്ളവർക്ക് വീഡിയോ കോൺഫറൻസിങ് വഴി ചേരാം'' -സമിതി വ്യക്തമാക്കി. ഡൽഹിയിലേക്ക് വരാൻ സാധിക്കാത്ത എല്ലാ സംഭടനകൾക്കും അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ ഒരു വെബ്പോർട്ടലും സർക്കാർ ഒരുക്കിയിട്ടുണ്ട്.
കർഷകരുടെ നേട്ടം ഉറപ്പാക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് സമിതി അംഗം പ്രമോദ് കുമാർ ജോഷി പറഞ്ഞു. കമ്മിറ്റി എങ്ങനെ പ്രവർത്തിക്കണമെന്ന് തങ്ങൾ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭം നടത്തുന്ന കർഷക യൂണിയനുമായി സംസാരിക്കുകയെന്നത് തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് വാർത്താസമ്മേളനത്തിൽ സമിതി സമ്മതിച്ചു. എ.പി.എം.സി മണ്ഡി അസോസിയേഷനുകൾ, മില്ലുടമകൾ, അഗ്രിബിസിനസ് ഓർഗനൈസേഷനുകൾ തുടങ്ങിയവരുമായും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളുമായും കൂടിയാലോചന നടത്തുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.