ന്യൂഡൽഹി: സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദേശം കർഷക സംഘടനകൾ തള്ളി. ബുധനാഴ്ച മുതൽ ഡൽഹിയിലേക്ക് തുടരുമെന്ന് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങൾക്കിടയിലെ ശംഭു അതിർത്തിയിൽ കർഷക നേതാവ് സർവൻ സിങ് പാന്ഥേർ അറിയിച്ചു.
ഞായറാഴ്ച രാത്രി ചണ്ഡിഗഢില്‍ കർഷക നേതാക്കളുമായി നാലാംവട്ട മന്ത്രിതല ചര്‍ച്ച നടന്നിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവ അഞ്ചു വർഷത്തേക്ക് പഴയ താങ്ങുവിലയിൽ വാങ്ങാമെന്നായിരുന്നു നിർദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ കർഷക സംഘടനകളുടെ പൊതുസംഘടനയായ സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമരം തുടരുന്നതായുള്ള പ്രഖ്യാപനം. രണ്ടോ മൂന്നോ ഇനങ്ങൾക്ക് മാത്രം താങ്ങുവിലയെന്ന നിലപാട് ചില കർഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. രണ്ടോ മൂന്നോ വിളകൾക്ക് മാത്രം താങ്ങുവില നൽകുംവഴി 1.5 ലക്ഷം കോടി അധിക ബാധ്യത വരുമെന്നാണ് സർക്കാർ നിലപാടെങ്കിൽ എല്ലാ വിളകൾക്കും അത് ബാധകമാക്കിയാൽ 1.75 ലക്ഷം കോടിയേ വരൂ എന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യത്തിന് ഹാനികരമായ പാംഓയിൽ ഇറക്കുമതിക്ക് മാത്രം കേന്ദ്രം 1.75 ലക്ഷം കോടി മുടക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി.
ഞായറാഴ്ച ചർച്ചയിൽ സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പഠിക്കാനായി സമരം നിർത്തിവെക്കുന്നതായി നേരത്തെ സംഘടനകൾ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ മറ്റാവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷക നേതാവ് പന്ഥേര് പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ട, നിത്യാനന്ദ് റായ്, പീയൂഷ് ഗോയല്‍ എന്നിവരാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തു. ഏറ്റവും നൂതനമായ ആശയങ്ങളാണ് സർക്കാർ നിർദേശിച്ചിട്ടുള്ളതെന്ന് ചർച്ചശേഷം കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. രണ്ട് സര്‍ക്കാര്‍ ഏജന്‍സികളെ നിയോഗിച്ച് നിര്‍ദേശങ്ങളില്‍ മേല്‍നോട്ടം വഹിക്കും. നാഷനല്‍ കോഓപറേറ്റിവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്, നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ കോഓപറേറ്റിവ് സൊസൈറ്റികള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പയറുവര്‍ഗങ്ങള്‍ ഉൽപാദിപ്പിക്കുന്ന കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടുമെന്നും കര്‍ഷകര്‍ സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.