ന്യൂഡൽഹി: സാമൂഹിക സേവനത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവനാണ് മകനെന്നും അവന് ഒരുപാർട്ടിയുമായും ബന്ധമില്ലെന്നും പാർലമെന്‍റിനകത്ത് പ്രതിഷേധിച്ച മനോരഞ്ജന്‍റെ പിതാവ് ദേവരാജ് ഗൗഡ. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ പതിവായി വായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരുവിലെ വീടിനു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു കർണാടക സ്വദേശിയായ സാഗര്‍ ശര്‍മയും മനോരഞ്ജനുമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽനിന്നു താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. ഇവരെ എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നു കീഴ്പ്പെടുത്തുകയായിരുന്നു.
ലോക്സഭയുടെ പുറത്ത് പ്രതിഷേധിച്ച രണ്ടു പേരും പിടിയിലായിട്ടുണ്ട്. നീലം, അമോല്‍ ഷിന്‍ഡെ എന്നിവരാണ് പുറത്ത് പ്രതിഷേധിച്ചത്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ്, ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ബി.ജെ.പി എം.പി ഖാഗെൻ മുർമു സംസാരിക്കുന്നതിനിടെയാണ് ഇരുവരും താഴേക്ക് ചാടുന്നത്. ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇരുവരും ഷൂസിനിടയിൽ ഒളിപ്പിച്ചുവെച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു.
മൈസൂരു സ്വദേശിയായ മനോരഞ്ജൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. ‘മൈസൂരുവിലാണ് മനോരഞ്ജൻ പഠിച്ചത്. ഞങ്ങൾ ഒരു നല്ല കുടുംബമാണ്, ഒരു സംഘടനയുമായോ രാഷ്ട്രീയ പാർട്ടികളുമായോ ബന്ധമില്ല. മകൻ സത്യസന്ധനാണ്. സാമൂഹിക സേവനം ഇഷ്ടപ്പെടുന്ന അവൻ സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യാൻ തയാറാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ പതിവായി വായിക്കാറുണ്ട്, അതായിരിക്കാം ഇതിന് പ്രേരിപ്പിച്ചത്’ -ദേവരാജ് ഗൗഡ വ്യക്തമാക്കി.
മനോരഞ്ജന്‍റെ കൈയിൽനിന്നു ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ടുനൽകിയ പാസ് കണ്ടെടുത്തു. മൈസൂരു എം.പിയാണ് പ്രതാപ് സിംഹ. സാഗറിന്‍റെ പാസ്സ് ഒപ്പിട്ടുനൽകിയത് പ്രതാപ് സിംഹയാണെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി പറഞ്ഞു. ഇതിന്‍റ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതാപ് സിംഹ പാർലമെന്‍ററികാര്യ മന്ത്രിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.