മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2015ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കുടുംബം വിചാരണക്ക് ഹാജരാക്കാത്തതിനെ തുടർന്നാണ് ഗാർഹിക ജോലിക്കാരനായ പ്രതിയെ വെറുതെ വിടാൻ കോടതി തീരുമാനിച്ചത്.
23ാം വയസിൽ കേസിൽ കുടുങ്ങിയ പ്രതി ആറ് വർഷം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അഭാവത്തിൽ പ്രതിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്ന് കോടതി പറഞ്ഞു. സംഭവം നടക്കുേമ്പാൾ കുട്ടിക്ക് മൂന്നര വയസായിരുന്നു പ്രായം. സംഭവം മറന്നുപോയതിനാൽ മകളെ വിചാരണക്ക് ഹാജരാക്കാൻ മാതാപിതാക്കൾ വിസമ്മതിക്കുകയായിരുന്നു.
'എപ്പോഴും മാതാപിതാക്കളോടൊപ്പമായിരുന്ന പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പെൺകുട്ടിയുടെ പിതാവ് വിചാരണ വൈകിപ്പിച്ചെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. പെൺകുട്ടിയെ തെളിവ് നൽകാനായി ഹാജരാക്കാൻ വിസമ്മതിച്ച അദ്ദേഹം പ്രതിയെ കൂടുതൽ കാലം അഴിക്കുള്ളിൽ കഴിയുന്നത് കാണാനാണ് ആഗ്രഹിച്ചതെന്നാണ് അദ്ദേഹം പറയുന്നത്'-കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.
2015 ജനുവരി 22ന് മുത്തച്ഛെൻറ അടുത്തേക്ക് മാതാവിെൻറ കൂടെ എത്തിയതായിരുന്നു പെൺകുട്ടി. അതേ കെട്ടിടത്തിൽ വീട്ടു ജോലിക്കാരനായിരുന്നു പ്രതി. താഴെ സൈക്കിൾ ചവിട്ടികൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി നാലാം നിലയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു പ്രേസിക്യൂഷൻ വാദം.
കെട്ടിടത്തിലെ സി.സി.ടി ദൃശ്യങ്ങൾ കുട്ടിയുടെ പിതാവ് പൊലീസിന് തെളിവായി കൈമാറി. പിതാവിെൻറ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെ കുട്ടി പിറകേ വരികയായിരുന്നുവെന്നും താൻ താഴേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നുവെന്നുമാണ് അയാൾ പൊലീസിനോട് പറഞ്ഞത്.
സംഭവത്തിന് ശേഷം കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴി പ്രേസിക്യൂഷൻ തെളിവായി സമർപ്പിച്ചു. എന്നാൽ കുട്ടിയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാതാവും ഉത്തരം നൽകിയെന്ന് പ്രതിഭാഗം വാദിച്ചു. അതോടെ ആ മൊഴി വിശ്വാസത്തിൽ എടുക്കാൻ സാധിക്കില്ലെന്ന് കോടതി വിധിച്ചു.
കുട്ടിയുടെ കൂടെ എപ്പോഴും ഒരു ആയ ഉണ്ടാകുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നുവെങ്കിലും അവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി ചോദിച്ചു. കുട്ടിയെ ബലംപ്രയോഗിച്ചാണ് മുകളിലേക്ക് കൊണ്ടുപോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ഉറപ്പിക്കാൻ സാധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. അൽപ സമയത്തിനുള്ളിൽ തന്നെ കുട്ടി യാതൊരു ഭാവമാറ്റവും ഇല്ലാതെ തിരികേ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അവൾ കരഞ്ഞതായോ അല്ലെങ്കിൽ പേടിച്ചതായോ ഒന്നും ദൃശ്യങ്ങളിലില്ല.
'പ്രതിയും പെൺകുട്ടിയും അൽപ സമയം കോണിപ്പടികൾ കയറിപ്പോകുന്നത് കണ്ടുവെന്ന് കരുതി അവളെ ബലാത്സംഗം ചെയ്തതായി അർഥമില്ല'-കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.