ന്യൂഡൽഹി: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ യു.എസിലുള്ള ഖലിസ്താനി നേതാക്കൾക്ക് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ജീവൻ അപകടത്തിലാവാമെന്ന മുന്നറിയിപ്പ് എഫ്.ബി.ഐ ഇവർക്ക് നൽകിയെന്ന് ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ എഫ്.ബി.ഐ ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്നാണ് അമേരിക്കൻ സിഖ് കമിറ്റിയുടെ കോർഡിനേറ്ററായ പ്രിത്പാൽ സിങ്ങിന്റെ വെളിപ്പെടുത്തൽ. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂണിൽ എഫ്.ബി.ഐയുടെ രണ്ട് സ്പെഷ്യൽ ഏജന്റുമാർ കാണാനെത്തി ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞു. എവിടെ നിന്നാണ് ഭീഷണിയെന്ന് വ്യക്തമാക്കിയില്ല. പക്ഷേ തന്നോട് കരുതലെടുക്കാൻ അവർ നിർദേശിച്ചുവെന്നും പ്രിത്പാൽ സിങ് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ എഫ്.ബി.ഐയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ തനിക്കും സമാനമായ മുന്നറിയിപ്പ് ലഭിച്ചുവെന്ന് കാനഡയിലെ ബിട്ടീഷ് കൗൺസിൽ ഗുരുദ്വാര കൗൺസിൽ വക്താവ് മൊനിന്ദർ സിങ്ങും പറഞ്ഞു. കാനഡയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. അതേസമയം, നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുകയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങൾ കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.