മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും ഭയന്ന് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കണമെന്ന് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ജയിലിൽ പോകുമെന്ന ഭയം ഷിൻഡെക്കുണ്ടായിരുന്നുവെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഷിൻഡെ ഉന്നയിച്ചത്. എന്നാൽ, ശിവസേന ഇത് തള്ളുകയായിരുന്നുവെന്നും റാവത്ത് കൂട്ടിച്ചേർത്തു.
2022 ജൂൺ 14ന് ഷിൻഡെ എന്നോട് സംസാരിച്ചു. ബി.ജെ.പിയിൽ ചേരുന്നതാണ് നല്ലതെന്ന് പറഞ്ഞു. അല്ലെങ്കിൽ താൻ ജയിലിൽ പോകുമെന്നും പറഞ്ഞു. എന്നാൽ, എന്തുകൊണ്ട് താൻ ജയിലിൽ പോകുമെന്ന് വിശദീകരിക്കാൻ ഷിൻഡെ തയാറായില്ല. ഇതേക്കുറിച്ച് വിശദമായി ചോദിച്ചപ്പോൾ ഇ.ഡിയും സി.ബി.ഐയും തനിക്കെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് ഷിൻഡെ പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം തയാറായില്ല. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഷിൻഡെ ശിവസേന വിട്ട് ബി.ജെ.പിക്കൊപ്പം സഖ്യമുണ്ടാക്കിയെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ ശിവസേന സ്ഥാനാർഥി രാജൻ വിചാരെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് റാവത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഏക്നാഥ് ഷിൻഡെ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ലോക്സഭ സ്ഥാനാർഥി വിചാരെയുടെ ആരോപണം. 2013ൽ നാല് എം.എൽ.എമാരുമായി കോൺഗ്രസിൽ ചേരാനാണ് ഷിൻഡെ ശ്രമിച്ചത്. എന്നാൽ, അവസാന നിമിഷം എം.എൽ.എമാർ പിൻവാങ്ങിയതോടെ ഷിൻഡെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 10 വർഷത്തിന് ശേഷം പാർട്ടി പിളർത്തി ഷിൻഡെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്നും വിചാരെ പറഞ്ഞു.
ഷിൻഡെ പാർട്ടി വിട്ടതിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർന്നത്. പിന്നീട് ബി.ജെ.പി പിന്തുണയോടെ ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.