ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിനെ ഞെട്ടിച്ച രാജിക്ക് പിന്നാലെ പ്രതികരണവുമായി നവ്ജ്യോത് സിങ് സിദ്ദു. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ധർമത്തിൽ യാതൊരു വിട്ടുവീഴ്ച വരുത്തില്ലെന്നും അവസാന ശ്വാസം വരെ സത്യത്തിനായി പോരാടുമെന്നുമായിരുന്നു സിദ്ദുവിന്‍റെ വാക്കുകൾ.
വ്യക്തിപരമായ പ്രശ്നങ്ങളോടല്ല തന്‍റെ പോരാട്ടമെന്നും ആദർശത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കറ പുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിൽ എടുത്തത് അംഗീകരിക്കില്ലെന്നും സിദ്ദു അറിയിച്ചു.
'എന്‍റെ പോരാട്ടം ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കിയാണ്. അതേ നിലപാടിൽ ദീർഘകാലമായി ഉറച്ചുനിൽക്കുന്നു. എന്‍റെ ധാർമികതയോടും ധാർമിക ഉത്തരവാദിത്തത്തോടും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. പഞ്ചാബിലെ അജണ്ടകളും പ്രശ്നങ്ങളും ഉയർത്തിക്കാട്ടി ഒരു ഒത്തുതീർപ്പിനാണ് എന്‍റെ ശ്രമം. ഹൈകമാൻഡിനെ വഴിതെറ്റിക്കാനോ, അവരെ വഴിതെറ്റിക്കാൻ അനുവദിക്കാനോ എനിക്ക് കഴിയില്ല' -സിദ്ദു വിഡിയോയിൽ പറഞ്ഞു.
തനിക്ക് ആരോടും വ്യക്തിവൈരാഗ്യമില്ല. 17 വർഷക്കാലം നീണ്ട രാഷ്ട്രീയ ജീവിത ം ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. അത് ഒരു നിലപാട് സ്വീകരിക്കാനും ജനജീവിതം മെച്ചപ്പെടുത്താനുമാണ് -സിദ്ദു കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പിന്തുണയോടെയായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ സിദ്ദു തയാറെടുത്തത്. തുടർന്ന് സെപ്റ്റംബർ 18ന് അമരീന്ദർ മുഖ്യമന്ത്രി പദവി ഒഴിയുകയും ചെയ്തു. നാലുമാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അമരീന്ദറിന് പകരം ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിപദം ഏറ്റെടുത്തത്. ചന്നിയുമായി അടുത്ത ബന്ധമാണ് സിദ്ദു പുലർത്തുന്നതെങ്കിലും മറ്റു മന്ത്രിമാരെ തീരുമാനിച്ചതിൽ സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു. തുടർന്നായിരുന്നു ഹൈകമാൻഡിനെപോലും ഞെട്ടിച്ചുകൊണ്ട് സിദ്ദുവിന്‍റെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.