അമരാവതി: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശിൽ തിങ്കളാഴ്ച വോട്ടെടുപ്പ്. 175 നിയമസഭ സീറ്റുകളിലേക്കും 25 നിയമസഭ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. 4.14 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ലോക്സഭയിലേക്ക് 454 സ്ഥാനാർഥികളും നിയമസഭയിലേക്ക് 2,387 സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന യുവജന ശ്രമിക റെയ്തു കോൺഗ്രസ് പാർട്ടിയും (വൈ.എസ്.ആർ കോൺഗ്രസ്) ടി.ഡി.പി - ജനസേന പാർട്ടി-ബി.ജെ.പി സഖ്യവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ജഗന്റെ സഹോദരിയും പാർട്ടി അധ്യക്ഷയുമായ വൈ.എസ്. ശർമിളയുടെ നേതൃത്വത്തിൽ നിയമസഭയിലും ലോക്സഭയിലും അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും സഖ്യമായാണ് മത്സരം.
2019 നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് വൈ.എസ്.ആർ കോൺഗ്രസ് ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടി.ഡി.പിയിൽനിന്ന് (തെലുങ്കുദേശം പാർട്ടി) അധികാരം പിടിച്ചെടുത്തത്. ആകെയുള്ള 175 സീറ്റുകളിൽ 151 സീറ്റുകളും വൈ.എസ്.ആർ കോൺഗ്രസ് നേടി. 23 സീറ്റുകളാണ് ടി.ഡി.പിക്ക് ലഭിച്ചത്.
നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിക്ക് (ജെ.എസ്.പി) ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസും ബി.ജെ.പിയും നിലംതൊട്ടില്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ വൈ.എസ്.ആർ കോൺഗ്രസാണ് വിജയിച്ചത്. മൂന്നു സീറ്റാണ് ടി.ഡി.പിക്ക് ലഭിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും നിരാശ മാത്രമായിരുന്നു ഫലം.
വീണ്ടും മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന 74 കാരനായ ചന്ദ്രബാബു നായിഡുവിനും ടി.ഡി.പിക്കും ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ജഗനെ നേരിടാൻ പവൻ കല്യാണിന്റെ നേതൃത്വത്തിൽ ത്രികക്ഷി സഖ്യം രൂപപ്പെടുത്തിയത്.
മുഴുവൻ ലോക്സഭ സീറ്റുകളിലും നിയമസഭ സീറ്റുകളിലും വൈ.എസ്.ആർ മത്സരിക്കുന്നുണ്ട്. എൻ.ഡി.എ സഖ്യത്തിൽ 144 നിയമസഭ സീറ്റുകളിൽ ടി.ഡി.പിയും 21 സീറ്റിൽ ജനസേന പാർട്ടിയും 10 ഇടത്ത് ബി.ജെ.പിയും ജനവിധി തേടുന്നു. ലോക്സഭയിൽ 17 മണ്ഡലങ്ങളിൽ ടി.ഡി.പിയും രണ്ടിടത്ത് ജനസേനയും ആറിടത്ത് ബി.ജെ.പിയും മത്സരിക്കുന്നു.
കോൺഗ്രസ് സഖ്യം 16 നിയമസഭാ സീറ്റുകളും രണ്ട് ലോക്സഭാ സീറ്റുകളും സി.പി.ഐക്കും സി.പി.എമ്മിനും വിട്ടുനൽകിയിട്ടുണ്ട്. ജഗൻ മോഹൻ റെഡ്ഡി പുലിവെന്ദുല നിയമസഭ മണ്ഡലത്തിൽനിന്നും ചന്ദ്രബാബു നായിഡു കുപ്പത്തുനിന്നും പവൻ കല്യാൺ പിഠാപുരത്തുനിന്നുമാണ് ജനവിധിതേടുന്നത്. വൈ.എസ്. ശർമിള കടപ്പ ലോക്സഭ മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.