ന്യൂഡൽഹി: സഫ്ദർജങ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ കോളജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. ഡൽഹി സ്വദേശിയായ പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ച് ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്തുവരികയായിരുന്നു.
ഇന്ന് പുലർച്ചെ 3.30ഓടെയാണ് ആശുപത്രിയിലെ പൊലീസ് പോസ്റ്റിൽ വിവരം ലഭിക്കുന്നത്. പൊലീസ് ഉടൻ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ പെൺകുട്ടി ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ സ്കാർഫ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണർ സി. മനോജ് പറഞ്ഞു.
ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്ന ഹോസ്റ്റൽ റൂം സഹപാഠികൾ ബലപ്രയോഗത്തിലൂടെ തുറക്കുകയായിരുന്നു. വിദ്യാർഥിനിയെ ഉടനെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മുറിയിൽ നിന്ന് വിഷാദത്തിന് കഴിക്കുന്ന മരുന്നുകളുടെ രണ്ട് ഒഴിഞ്ഞ പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. അവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.