ന്യൂഡൽഹി: ആഴ്ചകൾ പിന്നിട്ട കർഷക സമരം പരിഹാരമില്ലാതെ നീളുന്നതിനിടയിൽ, കർഷകവികാരത്തെ സ്വാധീനിക്കാൻ പ്രത്യേക പരിപാടിയുമായി കേന്ദ്രസർക്കാർ. കർഷകർക്ക് നൽകിവരുന്ന വാർഷിക ധനസഹായത്തിെൻറ പുതിയ ഗഡു ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നൽകുന്നത് ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ക്രിസ്മസ് ദിനത്തിലാണ് തുക കൈമാറുന്ന പ്രത്യേക ചടങ്ങ്.
25ന് ഉച്ചക്ക് 12ന് നടത്തുന്ന വിഡിയോ കോൺഫറൻസിൽ ബട്ടൺ അമർത്തിയാണ് തുക കൈമാറ്റം. ഒമ്പതു കോടി കർഷക കുടുംബങ്ങൾക്കായി 18,000 രൂപയാണ് കൈമാറുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ആറു സംസ്ഥാനങ്ങളിലെ കർഷകപ്രതിനിധികളുമായി ഈ പരിപാടിയിൽ മോദി സംസാരിക്കും. പി.എം-കിസാൻ എന്നുവിളിക്കുന്ന ധനസഹായ പദ്ധതിയുടെ ഗുണഭോക്താക്കൾ, അതു കിട്ടിയതിെൻറ ഗുണങ്ങൾ വിശദീകരിക്കും. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ചടങ്ങിൽ പങ്കെടുക്കും.
പ്രതിവർഷം 6,000 രൂപയാണ് പി.എം-കിസാൻ പദ്ധതിവഴി ഗുണഭോക്താക്കൾക്ക് നൽകുന്നത്. നാലു മാസത്തിലൊരിക്കൽ 2,000 രൂപ വീതം മൂന്നു ഗഡുക്കളായാണ് നൽകുന്നത്. ഇതിൽ ഒരു ഗഡുവാണ് 25ന് അതത് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നത്.
സമരംചെയ്യുന്ന കർഷകരുടെ മുമ്പന്തിയിൽ പഞ്ചാബിലെ കർഷകരാണെന്നിരിെക്ക, സിഖ് സമൂഹത്തിെൻറ രോഷം തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചിരുന്നു. കർഷക സമരം സർക്കാറിൽ ഉണ്ടാക്കിയിരിക്കുന്ന അങ്കലാപ്പിെൻറ പ്രതിഫലനം കൂടിയാണ് 'കൈയിലെടുക്കൽ' നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.