ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലികളിൽ സാധാരണക്കാർ നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷം. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വ്യാജ പ്രചാരണങ്ങൾ യഥാർഥ ക്ഷേമത്തിന് പകരമാകില്ലെന്നും ഖാർഗെ പറഞ്ഞു.
"സാധാരണ പൗരന്മാരുടെ അവസാന പൈസയും കൊള്ളയടിച്ച് നിങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നോക്കൂ! കുറഞ്ഞ ഉപഭോഗം, ഉയർന്ന പണപ്പെരുപ്പം, വർധിച്ചുവരുന്ന അസമത്വം, മന്ദഗതിയിലുള്ള നിക്ഷേപം, വേതന മുരടിപ്പ് എന്നിവയിൽ വലയുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ആവേശം ഉയർത്താൻ ആഘോഷങ്ങളുടെ ആർപ്പുവിളികൾക്ക് പോലും കഴിഞ്ഞില്ല' -ഖാർഗെ എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ഭക്ഷ്യവിലപ്പെരുപ്പം 9.2 ശതമാനമാണ്. പച്ചക്കറി ആഗസ്റ്റിലെ 10.7 ശതമാനത്തിൽ നിന്ന് 2024 സെപ്റ്റംബറിൽ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 36 ശതമാനമായി. എഫ്.എം.സി.ജി മേഖലയിൽ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. വിൽപ്പന വളർച്ച 10.1 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി കുറഞ്ഞുവെന്നതാണ് വസ്തുത. ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതിമാസ റിപ്പോർട്ടിൽ ഇത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാർഹിക സമ്പാദ്യം 50 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സെപ്റ്റംബറിൽ യാത്രാ വാഹന വിൽപ്പനയിൽ 19 ശതമാനം ഇടിവുണ്ടായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.