ഇംഫാൽ: മണിപ്പൂർ വംശഹത്യയുടെ ആദ്യ ഇരകളിൽ ഒരാളായ 21കാരനായ ബിരുദ വിദ്യാർഥിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ ഹംഗ്‌ലാൽമുവൻ വൈഫെ (21) എന്ന വിദ്യാർഥിയെയാണ് പൊലീസ് ജീപ്പിൽനിന്ന് വലിച്ചിറക്കി 800ഓളം പേർ ചേർന്ന് തല്ലിക്കൊന്നത്. മേയ് നാലിന് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇതുവരെ ബന്ധുക്കൾ കണ്ടിട്ടുപോലുമില്ല.
സംഭവം നടന്ന് 80 ദിവസം പിന്നിട്ടിട്ടും മകന്റെ മൃതദേഹം എവിടെയാണെന്ന് പോലും തങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്ന് ചുരാചന്ദ്പൂരിലെ തിങ്കാങ്ഫായ് സോമി ബെഥേലിലുള്ള വൈഫെയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ‘മൃതദേഹം ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇംഫാലിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഞങ്ങൾക്കാവില്ല” -അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ വിമർശിച്ചതിന് അറസ്റ്റിലായ ഹംഗ്‌ലാൽമുവൻ വൈഫെയെ, കോടതിയിൽ നിന്ന് സജിവ ജയിലിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പൊറമ്പട് എന്ന സ്ഥലത്ത് വെച്ച് മെയ്തേയ് വിഭാഗം തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നുെവന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
സായുധരായ ജനക്കൂട്ടം പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കുകയും വൈഫെയെ മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും കൂടെയുണ്ടായിരുന്ന പൊലീസ് ആത്മരക്ഷാർഥം വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു. മേയ് നാലിനാണ് പൊറമ്പട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കലാപം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഏപ്രിൽ 27ന് കുക്കി-സോ ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മെയ്തേയ് രാഷ്ട്രീയക്കാരാണെന്ന് ആരോപിച്ച് ബോൺ ലീ എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ വന്ന വൈറൽ പോസ്റ്റ് ചുരാചന്ദ്പൂർ കോളജിലെ ജ്യോഗ്രഫി വിദ്യാർഥിയായ വൈഫെയ് ഷെയർ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെ മെയ്തേയ് സമുദായത്തിലെ രാഷ്ട്രീയ നേതാക്കൾ മലയോരങ്ങളിൽ കറുപ്പ് കൃഷിനടത്തുകയാണെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ തന്ത്രം മെനയുകയാണെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു. മണിപ്പൂരിലെ പ്രശ്‌നങ്ങളുടെ ഉറവിടം മെയ്തികളാണെന്നും അവർ വംശീയ വാദികളും ഇന്ത്യ വിരുദ്ധരുമാണെന്നും ഇതിൽ ആരോപിച്ചിരുന്നു. ഈ പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
എന്നാൽ, ഏപ്രിൽ 30 ന് പൊലീസ് വീട്ടിലെത്തി വൈഫെയെ അറസ്റ്റ് ചെയ്തു. ബോൺ ലീക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. മേയ് 3 ന് ഈ കേസിൽ വൈഫെയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും, ഇംഫാൽ പൊലീസ് സ്റ്റേഷനിൽ ഇതേ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരുകേസിൽ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ കേസിൽ കോടതിയിൽ ഹാജരാക്കി ജയിലിേലക്ക് കൊണ്ടുപോകവെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
സംഭവത്തിൽ ഇംഫാൽ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എൽ. സഞ്ജീവ സിങ്ങിന്റെ മൊഴി അനുസരിച്ചാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ പറയുന്നതിങ്ങനെ: ‘‘പൊറമ്പടിലെ പോപുലർ ഹൈസ്‌കൂളിൽ എത്തിയപ്പോൾ 800-ഓളം വരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം ജയിൽ റോഡിലൂടെ വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ടായിരുന്നു. സഹായത്തിനായി സബ് ഇൻസ്‌പെക്ടർ സഞ്ജീവ സിങ് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചു. അതിനിടെ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുടെ ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ചു. അവരെ തോക്കിൻമുനയിൽ നിർത്തി വാഹനത്തിൽ നിന്ന് വൈഫേയെ വലിച്ചിറക്കി. ജനക്കൂട്ടം സഞ്ജീവ സിങ്ങിനെയും മറ്റ് ഉദ്യോഗസ്ഥരെയും വൈഫേയെയും മർദിച്ചു. ഇരുമ്പ് ദണ്ഡുകളും വടികളും ലൈസൻസുള്ള റൈഫിളുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. അക്രമികളായ ജനക്കൂട്ടത്തിൽ നിന്ന് വൈഫേയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരും ആക്രമിക്കപ്പെട്ടു. സഞ്ജീവ സിങ്ങിനും സഹപ്രവർത്തകർക്കും പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജനക്കൂട്ടം മർദനം തുടർന്നപ്പോൾ, സഞ്ജീവ സിംഗ് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിലും സഹപ്രവർത്തകർ പൊലീസ് വാഹനത്തിലും കയറി വെവ്വേറെ ദിശകളിലേക്ക് ഓടിച്ചുപോയി. ഈ സമയം വൈഫെയെ അക്രമികൾ ക്രൂരമായി മർദിക്കുകയായിരുന്നു.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.