രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും വെടിമുഴക്കം

ഡൽഹി: ഏതാനും ആഴ്ചകളുടെ ഇടവേളക്കുശേഷം രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും വെടിമുഴക്കം. കോൺഗ്രസ് അധ്യക്ഷനാകാൻ കിട്ടിയ അവസരം തട്ടിക്കളഞ്ഞ് മുഖ്യമന്ത്രി കസേരയിൽ അശോക് ഗെഹ്ലോട്ട് തുടരുന്നതിനിടയിൽ, കാര്യങ്ങൾക്ക് ഇനിയെങ്കിലും തീരുമാനം വേണമെന്ന ആവശ്യവുമായി എതിരാളി സചിൻ പൈലറ്റ് രംഗത്ത്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു ചടങ്ങിൽ വേദി പങ്കിട്ട ഗെഹ്ലോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം പുകഴ്ത്തിയത് കോൺഗ്രസിന് ദുഃസൂചനയാണ് നൽകുന്നതെന്ന വ്യാഖ്യാനത്തോടെയാണ് അക്ഷമനായ സചിൻ രംഗത്തിറങ്ങിയത്. സചിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും കോൺഗ്രസ് വിട്ടുപോയേക്കുമെന്നും ഗെഹ്ലോട്ട് അടിക്കടി ആരോപിക്കുമ്പോഴാണ് സചിന്‍റെ പ്രത്യാരോപണം. മോദിയുടെ പുകഴ്ത്തൽ ഏറെ കൗതുകകരമാണെന്നും കോൺഗ്രസ് നേതൃത്വം ലഘുവായി കാണരുതെന്നും സചിൻ പൈലറ്റ് പറഞ്ഞു. പാർലമെന്‍റിൽ മുമ്പ് ഗുലാംനബി ആസാദിനെ മോദി പുകഴ്ത്തിയതാണ്. അതിനു ശേഷം എന്തു സംഭവിച്ചുവെന്നു നാം കണ്ടതുമാണ്. രാജസ്ഥാൻ കോൺഗ്രസിലെ തീരുമാനമില്ലാത്ത വിഷയങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകണമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിയാകുമെന്ന ഘട്ടം വന്നപ്പോൾ സചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനെതിരെ കലാപമുണ്ടാക്കിയ എം.എൽ.എമാർക്കെതിരെ നടപടിയുണ്ടാകാത്ത വിഷയമാണ് സചിൻ ചൂണ്ടിക്കാട്ടിയത്. രണ്ടു മൂന്നു ദിവസത്തിനകം രാജസ്ഥാൻ പ്രശ്നം പരിഹരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എ.ഐ.സി.സി നിരീക്ഷകർ പങ്കെടുത്ത നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ച് സ്പീക്കർക്ക് രാജിക്കത്ത് നൽകിയ എം.എൽ.എമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. പരസ്യ പ്രസ്താവനകൾ വിലക്കിയിട്ടും സചിൻ പൈലറ്റിനെതിരെ ഗെഹ്ലോട്ട് പലവട്ടം പ്രസ്താവന നടത്തിയതും പൈലറ്റ് പക്ഷം ചൂണ്ടിക്കാട്ടുന്നു.

ഒരു വർഷം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാനിൽ ഗെഹ്ലോട്ടിനെ മാറ്റി പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് യുവനേതാവിനൊപ്പമുള്ളവർ ആവശ്യപ്പെടുന്നത്. ബി.ജെ.പിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന ചരിത്രം 30 വർഷമായി തുടരുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രിയെ മാറ്റാതെ ഭരണത്തുടർച്ച നേടാനാവില്ലെന്നാണ് അവരുടെ പക്ഷം. എന്നാൽ, രണ്ടു ഡസൻ എം.എൽ.എമാർപോലും ഒപ്പമില്ലാത്ത സ്ഥിതിയിലുമാണ് സചിൻ പൈലറ്റ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച ഗെഹ്ലോട്ട് മുഖ്യമന്ത്രി കസേര വിടില്ലെന്ന് വ്യക്തവുമാണ്. എന്നാൽ, പോര് തീർക്കാതെ രാജസ്ഥാനിൽ പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ കഴിയില്ലെന്ന പ്രതിസന്ധിക്കു മുന്നിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

Tags:    
News Summary - Firing again in Rajasthan Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.