ചെന്നൈ: സനാതന ധർമത്തെ വിമർശിച്ച് താൻ നടത്തിയ പ്രസംഗത്തിലെ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നുവെന്ന് തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം പിന്തുടരുന്നവരെ കൂട്ടക്കൊല ചെയ്യാനല്ല താൻ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ പ്രസംഗം ബി.ജെ.പി ഉൾപ്പെടെ ഹിന്ദുത്വ കക്ഷികൾ വിവാദമാക്കുന്നതിനിടെയാണ് വിശദീകരണം.
'സനാതന ധർമം പിന്തുടരുന്നവരെ കൂട്ടക്കൊല ചെയ്യാൻ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന തത്വമാണ് സനാതന ധർമം. സനാതന ധർമത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും സമത്വവും ഉയർത്തിക്കാട്ടലാണ്.
ഞാൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നു. സനാതന ധർമത്താൽ അടിച്ചമർത്തപ്പെട്ടവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ആളായാണ് ഞാൻ സംസാരിച്ചത്. സനാതന ധർമത്തെ കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും ആഴത്തിലുള്ള ഗവേഷണം നടത്തിയ പെരിയാറിന്‍റെയും അംബേദ്കറുടെയും പഠനങ്ങൾ ഏത് വേദിയിലും അവതരിപ്പിക്കാൻ ഞാൻ തയ്യാറാണ്. കോവിഡ്-19, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടരുന്നത് പോലെ, പല സാമൂഹിക തിന്മകൾക്കും സനാതന ധർമ്മം ഉത്തരവാദിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കോടതിയിലായാലും ജനകീയ കോടതിയിലായാലും ഇതിനെ തുടർന്നുള്ള ഏത് വെല്ലുവിളികളെയും നേരിടാൻ ഞാൻ തയ്യാറാണ്' -ഉദയനിധി സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു.
ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ വംശഹത്യക്കാണ് ആഹ്വാനം ചെയ്തതെന്ന പ്രസ്താവനയുമായി ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. ഇതിനാണ് ഉദയനിധി മറുപടി നൽകിയത്.
ചില കാര്യങ്ങൾ എതിർക്കാനാവില്ലെന്നും അവയെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധർമത്തേയും അതുപോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം. സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.