ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ ബെഞ്ചുകൾ ഏറെക്കുറെ ബലാബലത്തിലായ 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗവും അതിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും കഴിഞ്ഞ് സമ്മേളനം ജൂലൈ മൂന്നിന് സമാപിക്കും. ഈ മാസം 27ന് സമ്മേളനം തുടങ്ങുന്ന രാജ്യസഭയും മൂന്നിന് സമാപിക്കും.
കഴിഞ്ഞ രണ്ട് ലോക്സഭകളിൽനിന്ന് വ്യത്യസ്തമായി സ്വന്തം നിലക്ക് കേവല ഭൂരിപക്ഷമില്ലാതെ ബി.ജെ.പി എം.പിമാർ എത്തുമ്പോൾ പൊതു തെരഞ്ഞെടുപ്പ് ഫലം നൽകിയ ആത്മവിശ്വാസം കൊണ്ടും എം.പിമാരുടെ എണ്ണം കൊണ്ടും മൂന്നാമൂഴത്തിൽ മോദി സർക്കാറിനെ നേരിടാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ബില്ലുകൾ പാസാക്കലും പഴയതുപോലെ സർക്കാറിന് എളുപ്പമാകില്ലെന്ന് അവർ കണക്കു കൂട്ടുന്നു.
നീറ്റ് -നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ വിദ്യാർഥികൾ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കിയ വേളയിലാണ് സമ്മേളന തുടക്കം. നിർണിത അജണ്ടകൾ മാത്രമുള്ള പ്രത്യേക സമ്മേളനത്തിൽ മറ്റു വിഷയങ്ങൾക്ക് പഴുതില്ലെങ്കിലും രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സർക്കാറിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷ ബെഞ്ചിന് കഴിയും.27ന് ലോക്സഭ- രാജ്യസഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. തുടർന്ന് ഇരു സഭകളും വെവ്വേറെ സമ്മേളിച്ച് ജൂലൈ മൂന്നുവരെ നന്ദി പ്രമേയ ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.