അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലെ ലുദ്ബായ് ഗ്രാമത്തിൽ പോഷകാഹാരക്കുറവ് മൂലം ഒരാഴ്ചയ്ക്കിടെ അഞ്ച് കുട്ടികൾ മരിച്ചു. ജൂൺ ഏഴ് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കച്ച് മേഖലയിലെ ലഡ്ബായ് ഗ്രാമത്തിലാണ് പോഷകക്കുറവ് മൂലം അഞ്ച് കുട്ടികൾ മരിച്ചത്. നവജാതശിശുക്കൾ മുതൽ ഒന്നര വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ശിശുക്ഷേമത്തിനായി പ്രതിവർഷം 1,000 കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവയ്ക്കുന്നതിനിടയിലാണീ ദുരന്തം.
ഗ്രാമത്തിലെ 322 കുട്ടികളെ മുംബൈയിൽ നിന്നുള്ള ഡോക്ടർ ജയേഷ് കപാഡിയ പരിശോധിച്ചിരുന്നു. ഇവരിൽ 39 പേർ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ, ലുദ്ബായ് ഗ്രാമത്തിൽ പോഷകക്കുറവ് മൂലം കുട്ടികൾ മരണപ്പെട്ട സംഭവത്തെപ്പറ്റിയുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കച്ച് ജില്ല വികസന ഓഫീസർ അറിയിച്ചു. ഗ്രാമത്തിലെ രണ്ട് കുട്ടികൾ മാത്രമാണ് ജൂൺ മാസത്തിൽ പോഷകക്കുറവ് മൂലം മരണപ്പെട്ടതെന്നും മറ്റ് കുട്ടികൾ മരിച്ചത് വിളർച്ച, പനി എന്നീ കാരണങ്ങളാണെന്നും ഡി.ഡി.ഒ അറിയിച്ചു.
ഗുജറാത്ത് സർക്കാർ ശിശുക്ഷേമത്തിനായി ചിരഞ്ജീവി യോജന, ബാല് ഭോഗ് യോജന, വിറ്റാമിൻ യുക്ത് പോഷൻ ആഹാർ യോജന, കന്യാ കേളവാനി യോജന, പോഷകാഹാര പുനരധിവാസ കേന്ദ്രം, ബാല് സഖാ സെന്റർ, ബാല് അമൃതം, കസ്തൂർബാ പോഷൻ സഹായ യോജന, മിഷൻ ബാലം സുഖം, മാംതാ ഘർ തുടങ്ങിയ വിവിധ പരിപാടികൾ നടത്തിവരുന്നു. എന്നാൽ, ഇതൊന്നും താഴെ തട്ടിലെത്തുന്നില്ലെന്നാണ് വാർത്തകൾ തെളിയിക്കുന്നത്.2022 ഡിസംബർ 21 വരെ സംസ്ഥാനത്തെ 30 ജില്ലകളിലായി 1,25,707 കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അതിൽ 1,01,586 പേർക്ക് ഭാരക്കുറവുണ്ടെന്നും 24,121 പേർക്ക് ഭാരക്കുറവുണ്ടെന്നും ഗുജറാത്ത് വനിതാ ശിശു വികസന മന്ത്രി ഈ മാർച്ചിൽ സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.